ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ വീണ്ടും ഭീകാരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പുല്‍വാമ മാതൃകയില്‍ ലഷ്‌കര്‍ ഇ തോയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ സുരക്ഷ ദൃഢമാക്കുകയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പത്താന്‍, സോപ്പൂര്‍, ഹന്ദ്വാര എന്നീ പ്രദേശങ്ങളിലാണ് സുരക്ഷ കര്‍ശ്ശനമാക്കിയിരിക്കുന്നത്. കൂടാതെ വടക്കന്‍ കശ്മീരില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പരിശോധനകള്‍ കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശ്രീനഗര്‍ ബരാമുള്ള ദേശീയ പാതയില്‍ പുല്‍വാമ ആക്രമണത്തിന് സമാനമായി കാര്‍ബോംബ് സ്‌ഫോടനത്തിനാണ് ലഷകര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാരാമുള്ളയിലെ പത്താന്‍ പ്രദേശത്താണ് ഇവര്‍ ആക്രമണത്തിന് ലക്ഷ്യം വെയ്ക്കുന്നത്.

റഹ്മാന്‍ ഭായ് എന്ന് വിളിപ്പേരുള്ള ഭീകരനാണ് ആക്രമണങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കുന്നത്. ഇയാള്‍ ഇതിനായി എല്ലാ ആസൂത്രണങ്ങളും നടത്തി കഴിഞ്ഞതായും ഇന്റലിജെന്‍സ് അറിയിച്ചിട്ടുണ്ട്. ആക്രമണത്തിനായുള്ള ഭീകരരെ ആംബുലന്‍സില്‍ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞെന്നുമാണ് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.