പാരീസ്: മാസ്‌ക്ക് ധരിക്കുന്നതിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു ഫ്രഞ്ച് ബസ് ഡ്രൈവര്‍ അക്രികളായ യാത്രക്കാരുടെ മര്‍ദ്ദനമേറ്റു മരിച്ചു. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബയോണിലെ സംഭവത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഫിലിപ്പ് മോംഗുലോട്ട് (59) അഞ്ച് ദിവസത്തിന് ശേഷം വെള്ളിയാഴ്ച ആശുപത്രിയില്‍ മരിച്ചു.

കൊറോണ വൈറസ് വ്യാപന സമയത്ത് ഫ്രാന്‍സില്‍ പൊതുഗതാഗത സര്‍വീസ് നടത്തിയപ്പോള്‍ മൂന്ന് യാത്രക്കാരോട് മുഖംമൂടി ധരിക്കാനും അവരുടെ ടിക്കറ്റുകള്‍ കാണാനും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മോംഗുലോട്ട് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഇരുപതുവയസുകാരായ രണ്ടുപേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട ഡ്രൈവറെ സഹായിക്കാത്തതിന് മറ്റ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, കുറ്റം മറച്ചുവെക്കാന്‍ ശ്രമിച്ചതിന് മറ്റൊരാള്‍ക്കെതിരെയും കേസുണ്ട്. ബുധനാഴ്ച ബയോണില്‍ മോങ്വില്ലോട്ടിനെ ബഹുമാനിക്കുന്ന മാര്‍ച്ചില്‍ വെള്ള വസ്ത്രം ധരിച്ച ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

ബയോണ്‍ നഗരത്തിലെ മേയര്‍ ജീന്‍-റെനെ എച്ചെഗരയ് ‘ക്രൂരമായ’ ആക്രമണത്തെ അപലപിച്ചു. ‘ഫിലിപ്പ് മോംഗുലോട്ട് ഞങ്ങളെ വിട്ടുപോയി. ജോലിയ്ക്കിടെ ക്രൂരമായ ആക്രമണത്തിന് അദ്ദേഹം കീഴടങ്ങി’- അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ജോലി ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭീരുത്വം നിറഞ്ഞ ആക്രമണ’ത്തെത്തുടര്‍ന്നാണ് മോംഗുലോട്ടിന്റെ മരണം. ഇത് ഞങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നു’- ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് പറഞ്ഞു.