തിരുവനന്തപുരം: പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. ജനങ്ങളുടെ പരാതി കണക്കിലെടുത്ത് നിലവില്‍ 11 മണി വരെതുറന്നിരുന്ന കടകള്‍ വൈകീട്ട് അഞ്ചുമണി വരെ തുറക്കാന്‍ അനുവദിക്കും. 11 മണി വരെ തുറക്കുന്നതുമൂലം തിരക്ക് വര്‍ധിക്കുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മൊബൈല്‍ യൂണിറ്റുകള്‍ പൂന്തുറയില്‍ എത്തും. ഇതുവഴി ജനങ്ങള്‍ക്ക് വീടുകളുടെ മുന്നില്‍ നിന്ന് തന്നെ സാധനങ്ങൾ വാങ്ങാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രിപ്പിൾ ലോക്ക്ഡൗണിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് അതത് പ്രദേശങ്ങളിൽ ബന്ധനത്തിന് അനുമതി നൽകും. അതിന് ശേഷം അവരവരുടെ സ്ഥലത്ത് തന്നെ മത്സ്യവിൽപന നടത്താം. കൂടുതൽ ലഭിക്കുന്ന മത്സ്യങ്ങൾ മത്സ്യഫെഡിന് നൽകാം.