ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സഹകരണ മന്ത്രി സെല്ലൂര്‍ രാജുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യ ജയന്തിക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഉള്‍പ്പടെ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ മന്ത്രി സെല്ലൂര്‍ രാജു പങ്കെടുത്തിരുന്നു.

ഇദ്ദേഹത്തെയും കൂട്ടി മൂന്ന് മന്ത്രിമാര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ വൈദ്യുതി മന്ത്രി പി. തങ്കമണിക്കും ഉന്നത വിദ്യഭ്യാസ മന്ത്രി അമ്ബഴകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം എംഎല്‍എമാര്‍ ഉള്‍പ്പടെ ഇതുവരെ ഏഴ് ജനപ്രതിനിധികള്‍ക്ക് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടില്‍ ഇന്നലെ 4231 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,26,581 ആയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇന്നലെ മാത്രം 65 പേരാണ് കോവിഡിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 1765 ആയി.