തിരുവനന്തപുരം:  സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ജില്ലയില്‍ വര്‍ദ്ധിക്കുമ്ബോഴും മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്ന് ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് തലസ്ഥാന നഗരത്തില്‍ അധികൃതര്‍ സന്ദര്‍ശന അനുമതി നല്‍കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ പലരും പതിവായും ഇടയ്ക്കിടെയും നഗരത്തില്‍ വന്ന് പോയി. കഴിഞ്ഞ ഒരു മാസത്തിനിടെ 3513 പേരാണ് നഗരത്തില്‍ ഇത്തരത്തില്‍ വന്ന് പോയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 80 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നതെന്ന് അധികൃതര്‍ പറയുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം തിരുവനന്തപുരം ജില്ലാ ഭരണകൂടം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 1517 പേര്‍ക്ക് ഹ്രസ്വകാല സന്ദര്‍ശനത്തിനും 1996 പേര്‍ക്ക് പതിവ് സന്ദര്‍ശനത്തിനും പാസ് നല്‍കിയിട്ടുണ്ട്. ഹ്രസ്വകാല സന്ദര്‍ശനത്തിന് എത്തുന്നവര്‍ വരവിന്റെ ഉദ്ദേശവും പോകുന്ന സ്ഥലങ്ങളും വ്യക്തമാക്കണമെന്നാണ് മാനദണ്ഡം. സന്ദര്‍ശന സ്ഥലങ്ങളില്‍ മാറ്റംവരുത്തുകയാണെങ്കില്‍ അധികൃതരെ അറിയിക്കണം. വ്യക്തമായ കാരണമാണെങ്കില്‍ മാത്രമേ മാറ്റത്തിന് അനുമതി നല്‍കൂ. ആവശ്യമില്ലാത്ത സമ്പര്‍ക്കം ഒഴിവാക്കണം. എന്നീ കാര്യങ്ങളും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഇതൊന്നും കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം തലസ്ഥാനത്തില്ല എന്നത് വലിയ പോരായ്മയാണ്.

തിരുവനന്തപുരം നഗരത്തിലെയും മറ്റ് ചില പ്രദേശങ്ങളിലെയും സ്ഥിതി അതീവഗുരുതരമായതോടെ അതിര്‍ത്തികള്‍ അടയ്ക്കണമെന്നും ഹ്രസ്വകാല സന്ദര്‍ശകര്‍ക്ക് പാസ് നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്നും ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. ഹ്രസ്വകാല സന്ദര്‍ശനത്തിന് എത്തുന്നവരെ പിന്തുടരുന്നതിനുള്ള സംവിധാനം ജില്ലാ ഭരണകൂടത്തിനില്ല. ഇവരെ പ്രവേശിപ്പിക്കുന്നതിലൂടെ പുതിയ സമ്ബര്‍ക്കരോഗികളെ ക്ഷണിച്ചുവരുത്തുകയാണെന്ന് ജില്ലയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രാപശ്ചാത്തലം ഇല്ലാത്തവര്‍ക്ക് രോഗം പിടിപെട്ടത് ഇത്തരം സന്ദര്‍ശകരില്‍ നിന്നാകാം. ഇവര്‍ സംസ്ഥാനം വിട്ട് പോകുമെന്നതിനാല്‍ ഉറവിടം കണ്ടെത്താനുമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സമ്പൂര്‍ണ അടച്ചിടലോ അതിര്‍ത്തി അടയ്ക്കലോ നിലവിലെ സാഹചര്യത്തില്‍ അനുയോജ്യമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹി ഡോ. ശ്രീജിത് എന്‍ കുമാര്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ സമൂഹവ്യാപനം ഒഴിവാക്കുന്നതിനാണ്. മഹാമാരിയെ നേരിടാന്‍ ഇപ്പോള്‍ കഴിയുന്നിടത്ത് തന്നെ തുടരുകയാണ് ഉത്തമം. കോവിഡില്‍ തകര്‍ന്ന സാമ്പത്തിക മേഖലയുടെ ഉണര്‍വിനാണ് ഇളവുകള്‍ അനുവദിച്ചത്. ബിസിനസ്, വ്യാവസായിക ആവശ്യങ്ങള്‍ക്ക് ആളുകള്‍ വരുകയും പോവുകയും ചെയ്യും. അതിനാല്‍ പ്രാദേശിക അടച്ച്‌ പൂട്ടലുകളാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു.