തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ജനം വലഞ്ഞതോടെ ചില ഇളവുകള്‍ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങള്‍ പൊലീസ് വീട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ഇത് പ്രായോഗികമല്ലാത്തതിനാല്‍ ചില ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.

ഇളവുകള്‍ ഇങ്ങനെ

പഴം പച്ചക്കറി, പലവ്യഞ്ജന കടകള്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്ന് മണി വരെ തുറക്കാം. സാമൂഹ്യ അകലം പാലിച്ചാണ് കടകള്‍ തുറക്കേണ്ടത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കട അടപ്പിക്കും. വീടിനടുത്തുള്ള കടകളില്‍ നിന്ന് തന്നെ സാധനം വാങ്ങണം. പുറത്തിറങ്ങുന്നവര്‍ എന്ത് ആവശ്യത്തിനായാലും അത് വ്യക്തമാക്കി സാക്ഷ്യപത്രം കയ്യില്‍ കരുതണം. പത്ത് ജനകീയ ഹോട്ടലുകള്‍ തുറക്കാന്‍ തീരുമാനിച്ചു. മെഡി.കോളജിലും ആര്‍സിസിയിലും ജയിലില്‍ നിന്ന് ഭക്ഷണം എത്തിക്കും. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം 9497900999 എന്ന നമ്ബറില്‍ പൊലീസിനെ വിളിക്കാം. മരുന്ന് കിട്ടാന്‍: 9446748626, 9497160652, 0471 2333101 പുലിവാല് പിടിച്ച്‌ പൊലീസ്

വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ കടകള്‍ അടച്ചപ്പോള്‍ നഗരവാസികള്‍ വലഞ്ഞു. പലരും ആവശ്യസാധനങ്ങള്‍ക്കായി രാവിലെ തന്നെ പൊലീസിനെ വിളിച്ചു. നിരന്തരം ഫോണ്‍വിളികള്‍ എത്തിയതോടെ വിശദീകരണവുമായി പൊലീസ് തന്നെ രംഗത്തെത്തി. പൊലീസിന് ഓണ്‍ലൈന്‍ വിതരണക്കാരാകാന്‍ കഴിയില്ലെന്ന് പൊലീസ് വാര്‍ത്താക്കുറിപ്പിറക്കി. ഏറ്റവും അടുത്തുള്ള പലവ്യഞ്ജന കടകളില്‍ പോയി അവശ്യസാധനങ്ങള്‍ വാങ്ങാം. പക്ഷെ സത്യവാങ് മൂലം കൈയില്‍ കരുതണം. എല്ലാ ഭക്ഷണ വിതരണ കമ്ബനികളോടും പ്രവര്‍ത്തിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. ഭക്ഷണ വിതരണ ജീവനക്കാര്‍ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ 9597900999 എന്ന നമ്ബറില്‍ മാത്രം പൊലീസിനെ വിളിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആശയക്കുഴപ്പം

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനം സംബന്ധിച്ച്‌ പൊലീസിനും ജില്ലാ ഭരണകൂടത്തിനും ആശയ വ്യക്തതയില്ലായിരുന്നുവെന്ന് വ്യക്തം. ഡിജിപി പറഞ്ഞത് പ്രകാരം, പാല്‍, പല വ്യഞ്ജനങ്ങള്‍, ഒക്കെ കടയില്‍.പോയി വാങ്ങാം. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഉണ്ടാവും. അതേസമയം ഇന്നലെ ജില്ലാ ഭരണകൂടം പറഞ്ഞത് നേരെ തിരിച്ചും. ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബര്‍ സഹിതമാണ് ഇന്നലെ ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയത്. ഇവര്‍ തമ്മില്‍ ആശയവിനിമയം നടത്തിയശേഷം നിര്‍ദേശങ്ങള്‍ പുറത്തിറക്കിയെങ്കില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു.

പരിശോധന വര്‍ധിപ്പിക്കും

സമ്ബര്‍ക്കരോ​ഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കൂടുതല്‍ പരിശോധനകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. പനി, ജലദോഷം തുടങ്ങിയവ ഉള്ളവര്‍ക്കും, സാമൂഹ്യ സമ്ബര്‍ക്കം കൂടുതലുള്ള വിഭാഗങ്ങള്‍ക്കും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ വിശദമായ പശ്ചാത്തലം എടുക്കും. രോഗികളുടെ ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം നടക്കുന്നുണ്ടെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് തീവ്രബാധിത പ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.