• ജോൺ വര്ഗീസ് ഈശ്വരൻകുടിയിൽ കോറെപ്പിസ്കോപ്പോ

വിശുദ്ധ വേദപുസ്തക പഠനത്തിന് അനിവാര്യമായ രണ്ടു ഘടകങ്ങളാണ് , ബൈബിളിന്റെ സ്ഥലകാല പശ്ചാത്തലത്തെപ്പറ്റിയും (ഭൂമിശാസ്ത്രം, സംസ്കാരം, ചരിത്രം), ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങളെപ്പറ്റിയും ഉള്ള അറിവ്. ഈ അറിവുണ്ടെങ്കിൽ മാത്രമേ, വിശുദ്ധ വേദപുസ്തകം വാച്യാർത്ഥത്തിൽ മാത്രം എടുക്കാതെ, വിശുദ്ധ ഗ്രന്ഥം അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളു .

വിശുദ്ധ ബൈബിൾ പ്രതീകങ്ങളുടെ ഒരു കലവറ തന്നെയാണ് . “ദൈവ വചനത്തിന്റെ ആഴമായ അർത്ഥതലങ്ങളിലേക്കു നമ്മെ ഉൾപ്രവേശിപ്പിക്കുന്ന താക്കോലാണു പ്രതീകം” (ആമുഖം). ബൈബിൾ പ്രതീകങ്ങളിൽ 50 തെരെഞ്ഞെടുക്കപ്പെട്ട വിഷയങ്ങളെപ്പറ്റിയാണ് മുവാറ്റുപുഴ രൂപതയുടെ മുൻ അധ്യക്ഷൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ ജൂലിയോസ് തിരുമേനിയുടെ ‘ബൈബിൾ പ്രതീകങ്ങൾ’ എന്ന പുസ്തകം. Biblical Symbols എന്ന പേരിൽ ഇംഗ്ലീഷിൽ തയ്യാറാക്കിയ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ‘ബൈബിൾ പ്രതീകങ്ങൾ’. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ബഹു. പോൾ  കാരാമേൽ കോയിക്കൽ അച്ചനാണ്.

ബൈബിൾ പഠിതാക്കൾക്കു വിശുദ്ധ വേദപുസ്തകം അതിന്റെ പൂർണതയിൽ ഉൾക്കൊള്ളാൻ പര്യാപ്തമായ ഒരു പഠന സഹായിയാണ് 112 പേജുകളുള്ള ഈ ലഘു ഗ്രന്ഥം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിവിധ ബൈബിൾ പണ്ഡിതന്മാരുടെ, വിവിധ ഭാഷകളിലുള്ള ആധികാരികമായ ഗ്രന്ഥങ്ങൾ, ബൈബിൾ പണ്ഡിതൻ കൂടിയായ അഭിവന്ദ്യ ഡോ. എബ്രഹാം മാർ ജൂലിയോസ് തിരുമേനിയെ ഈ ഗ്രന്ഥരചനയിൽ സഹായിച്ചിട്ടുണ്ട്. ബൈബിൾ പ്രതീകങ്ങൾ എന്ത് ? എന്ന വിഷയത്തെപ്പറ്റി ഗ്രന്ഥകാരൻ പുസ്തകത്തിന്റെ ആമുഖത്തിലും ഉപസംഹാരത്തിലും വിജ്ഞാനപ്രദമായ അറിവുകൾ പങ്കുവയ്ക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകളാലും, പ്രതീകങ്ങളാലും, സഭയുടെ പാരമ്പര്യങ്ങളാലും കോർത്തിണക്കപ്പെട്ട ഒന്നാണല്ലോ ആരാധനക്രമം, പ്രത്യേകിച്ച് അന്ത്യോക്യൻ സുറിയാനി സഭയുടെ ആരാധനക്രമം. ബൈബിളിലിലെ പ്രതീകങ്ങൾ കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളിലെ ആരാധനാ ക്രമങ്ങളിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്ന സവിശേഷത ഏതാണ്ട് നാല്പതോളം പ്രാവശ്യം പുസ്തകത്തിൽ പരാമർശിക്കുന്നു.

ബൈബിൾ, ആരാധനക്രമം എന്നിവ പഠിക്കുന്നവർക്കും ഇവ കൈകാര്യം ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന വിജ്ഞാനപ്രദമായ ഒരു പുസ്തകമാണ്, ‘ബൈബിൾ പ്രതീകങ്ങൾ’.

Publisher KCBC Bible Commission
P.O.C. Palarivattom, Ernakulam