വാഷിംഗ്ടൺ : യു.എസിൽ ഗർഭഛിദ്രത്തിനുള്ള മിഫപ്രിസ്റ്റോൺ ഗുളികയുടെ അംഗീകാരത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള ഫെഡറൽ കോടതി ഉത്തരവ് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി. ബുധനാഴ്ചയ്ക്കകം ബന്ധപ്പെട്ടവർ ട്രൈബ്യൂണലിന് മുന്നിൽ വാദങ്ങൾ സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ 20 വർഷമായി രാജ്യത്ത് ഉപയോഗിക്കുന്നതാണ് മിഫപ്രിസ്റ്റോൺ. മിഫപ്രിസ്റ്റോണിന്റെ അംഗീകാരം തടഞ്ഞുവയ്ക്കാൻ ഈ മാസം 7ന് ടെക്സസിലെ ഫെഡറൽ കോടതി ജഡ്ജി ഉത്തരവിട്ടിരുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ നിയമിക്കപ്പെട്ട ജഡ്ജിയാണിത്. വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിന് ഏഴ് ദിവസം സമയം നൽകി.

ഒരു മണിക്കൂറിന് പിന്നാലെ ഒബാമ ഭരണകൂടം നിയമിച്ച വാഷിംഗ്ടണിലെ ഫെഡറൽ കോടതി ജഡ്ജി യു.എസിലെ 17 ഡെമോക്രാറ്റിക് ഭരണ സംസ്ഥാനങ്ങളിലേക്കുള്ള മിഫപ്രിസ്റ്റോണിന്റെ ഉപയോഗാനുമതി സംരക്ഷിക്കപ്പെടണമെന്നും ഉത്തരവിട്ടു.

ഇതോടെ ടെകസസ് കോടതിയുടെ ഉത്തരവ് തടയണമെന്ന് കാട്ടി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സുപ്രീം കോടതിയിൽ അടിയന്തര അപ്പീൽ സമർപ്പിക്കുകയായിരുന്നു. വിഷയത്തിൽ അന്തിമ തീരുമാനം ഇനി സുപ്രീം കോടതിയുടേതാണ്.

യു.എസിൽ ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും കഴിഞ്ഞ വർഷം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതോടെ ഇക്കാര്യത്തിൽ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കുന്നത്. ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഗർഭഛിദ്ര നിരോധനത്തിന് എതിരാണ്. ഭരണഘടനാ പരിരക്ഷ പുനഃസ്ഥാപിക്കുന്നതിനായി മുന്നോട്ട് പോകുമെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ നിലപാട്.

കുറഞ്ഞത് 13 സംസ്ഥാനങ്ങളിൽ മെഡിക്കൽ അബോർഷൻ അടക്കം നിരോധിക്കുകയോ നിയന്ത്രണമേർപ്പെടുത്തുകയോ ചെയ്തു. ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷ റദ്ദാക്കിയെതിനെതിരെ യു.എസിൽ കടുത്ത പ്രതിഷേധം നിലനിൽക്കവെയാണ് ഗുളികയുടെ അംഗീകാരം തടയാനുള്ള നീക്കം.