മണിപ്പൂരില്‍ കലാപം 50ാം ദിവസത്തിലേക്ക് എത്തുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനം വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. പ്രധാനമന്ത്രിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍ നീക്കം തുടങ്ങി കഴിഞ്ഞു. വാഷിംഗ്ടണ്ണില്‍ പ്രതിഷേധിക്കാന്‍ മെയ്തി വിഭാഗമാണ് തയ്യാറെടുക്കുന്നത്.

മണിപ്പൂരില്‍ വംശീയ കലാപമുണ്ടായത് ഇംഫാല്‍ വാലിയിലെ മെയ്തി വിഭാഗവും മറ്റു ഗോത്ര സമൂഹങ്ങളും തമ്മിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ്. 100ഓളം പേര്‍ വംശീയ കലാപത്തില്‍ മരണപ്പെട്ടിട്ടും ഒരു വാക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അമേരിക്കയിലേക്കുള്ള പര്യടനത്തിന് മുമ്പ് നടത്തിയ പ്രതിമാസ മന്‍ കി ബാത്തിലും മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി മിണ്ടിയില്ല.

കലാപത്തില്‍ ഇടപെടല്‍ കാത്ത് നിന്ന മണിപ്പൂരിലെ ഭരണ പ്രതിപക്ഷ അംഗങ്ങളെ അവഗണിച്ച് അമേരിക്കക്ക് പുറപ്പെട്ട മോദിയെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം അറിയിക്കാനാണ് മെയ്തി വിഭാഗത്തിന്റെ നീക്കം. നോര്‍ത്ത് അമരിക്കയിലുള്ള മെയ്തി വിഭാഗം മറ്റന്നാള്‍ വാഷിംഗ്ടണിലെ ഒരു പാര്‍ക്കില്‍ പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാഹചര്യം ഇത്രത്തോളം രൂക്ഷമായിട്ടും പ്രധാനമന്ത്രി ഇടപെടാത്തത് ചോദ്യം ചെയ്താണ് പ്രതിഷേധം.

കലാപത്തിനു പിന്നില്‍ ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളാണെന്നും അക്രമം നിയന്ത്രിക്കുന്നതില്‍ ബിജെപിയുടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണപരാജയമാണെന്നുമുള്ള ഗുരുതര ആരോപണം നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ മൗനം.