രാജ്യത്തെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയായ ബൈജൂസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനിയെ വലയ്ക്കുന്നത്. കടം കുറയ്ക്കാന്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുകയാണ് ബൈജൂസ്. കഴിഞ്ഞ 16ന് 1000 ജീവനക്കാരെ കൂടി പിരിച്ചുവിട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കടക്കെണിയിലായ കമ്പനി, പ്രതിസന്ധിയെത്തുടര്‍ന്ന് ചെലവു ചുരുക്കുന്നതിനായാണ് പിരിച്ചുവിടല്‍. മെന്ററിങ്, ലോജിസ്റ്റിക്‌സ്, ട്രെയ്‌നിങ്, സെയില്‍സ്, പോസ്റ്റ് സെയില്‍സ്, ഫിനാന്‍സ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നെല്ലാം ജീവനക്കാരെ പറഞ്ഞുവിട്ടിട്ടുണ്ട്. സ്വയം രാജിവയ്ക്കണമെന്നാണ് കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ കമ്പനി ഇമെയിലുകള്‍ ഡീആക്ടിവേറ്റ് ചെയ്തു. ഐഡി കാര്‍ഡ് തിരിച്ചേല്‍പ്പിക്കണമെന്ന ഭീഷണിയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

അടുത്തിടെ യുഎസില്‍ നിന്നുള്ള വായ്പാദാതാക്കളുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നിയമക്കുരുക്കിലായ കമ്പനിക്ക് ഏകദേശം 100 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. നിലവില്‍ 50,000ത്തോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്. 2022 ഒക്ടോബറില്‍ കമ്പനി ലാഭത്തിലെത്തിക്കുന്നതിന്റെ ഭാഗമായി അഞ്ചു ശതമാനം ജീവനക്കാരെ ഒഴിവാക്കുമെന്ന് ബൈജൂസ് പ്രഖ്യാപിച്ചിരുന്നു.  

തുടര്‍ന്നുള്ള ആറു മാസങ്ങളിലായി 2500 ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു ബോര്‍ഡിന്റെ തീരുമാനം. 2023 മാര്‍ച്ചോടെ ലാഭത്തിലേക്കെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഈ ലക്ഷ്യം സാധിച്ചെടുക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. വായ്പ തിരിച്ചടയ്ക്കാനായി കടുത്ത ചെലവുചുരുക്കലിലേക്ക് കടന്നിരിക്കുകയാണ് കമ്പനി.