ആംസ്റ്റർഡാം: നെതർലൻഡ്സിൽ തീവണ്ടി ക്രെയിനുമായി കൂട്ടിയിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു.
ഹേഗ് പട്ടണത്തിന് തൊട്ടടുത്ത് വൂർഷോട്ടൻ മേഖലയിൽ വച്ച് ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. പാളത്തിന് സമീപത്തുള്ള അറ്റകുറ്റപ്പണികൾക്കായി എത്തിച്ചിരുന്ന ക്രെയിനിലേക്ക് തീവണ്ടി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തീവണ്ടിയുടെ ഒരു ബോഗി പൂർണമായും വേർപ്പെട്ട് നീങ്ങി. നിരവധി ബോഗികൾ പാളത്തിൽ നിന്ന് തെന്നിമാറിയാണ് നിന്നത്.
അപകടം നടന്നയുടൻ സമീപത്തെ ട്രാക്കിലൂടെ എത്തിയ ഒരു ചരക്കുതീവണ്ടിയും ക്രെയിനിൽ തട്ടി അപകടത്തിൽപ്പെട്ടു. പാളത്തിന് മുകളിലൂടെയുള്ള ഒരു വൈദ്യുത ലൈനിനും കേടുപാട് സംഭവിച്ചു.
പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. ക്രെയിൻ പാളത്തിന് വെളിയിലാണ് സ്ഥിതി ചെയ്തതെന്ന് ഉറപ്പാണെന്നും അപകടകാരണം വ്യക്തമായിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.



