ഒഡിഷയിലെ ബലാസോറിൽ നടന്ന് ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ അപകടത്തിൽ ദുരൂഹത ഉയർത്തുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. അപകട കാരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുന്നതിനിടെ റെയില്‍വേ ജൂനിയർ എന്‍ജിനിയറെ കുടുംബത്തോടെ കാണാതായിരിക്കുകയാണ്. തുടർന്ന് സിഗ്നൽ ജൂനിയർ എൻജിനിയര്‍ അമീർ ഖാന്റെ വാടക വീട് സിബിഐ ഉദ്യോഗസ്ഥർ സീൽ ചെയ്തു.

ചോദ്യം ചെയ്യലിന് പിറകെയാണ് അമീർഖാൻ ഒളിവിൽ പോയത്. ബാലസോറിൽ അന്നപൂര്‍ണ റൈസ് മില്ലിന് സമീപമുള്ള വാടകവീട്ടിൽ എത്തിയ സിബിഐ സംഘം വീട് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. ഇതോടെ ഉദ്യോഗസ്ഥർ വീട് സീൽ ചെയ്യുകയായിരുന്നു. വീട് നിരീക്ഷണത്തിലാണെന്നും സിബിഐ വിശദമാക്കി.

ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ വീട് അടച്ചിട്ട നിലയിലാണെന്നാണ് അയല്‍വാസികള്‍‌ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചത്. നേരത്തെ സിബിഐ അന്വേഷണ സംഘം ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും മറ്റ് ഉപകരണങ്ങള്‍ തെളിവായി ശേഖരിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലോഗ് ബുക്കുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അഞ്ച് പേരെ ഇതിനോടകം സിബിഐ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.