എയര്‍ ഇന്ത്യാ വിമാനത്തില്‍ വയോധികയ്ക്ക് നേരെ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ, ഇന്‍ഡിഗോ വിമാനത്തിലും യാത്രക്കാര്‍ക്ക് നേരെ മദ്യപ സംഘത്തിന്റെ അതിക്രമമെന്ന് പരാതി. ഡല്‍ഹി- പാറ്റ്‌ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ച മൂന്നംഗ യാത്രാസംഘം വിമാനത്തില്‍വെച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. മദ്യപിച്ച ശേഷം  വിമാനത്തില്‍ കയറിയ സംഘം ആദ്യം ബഹളം വെക്കാന്‍ തുടങ്ങി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമുണ്ടായതോടെ എയര്‍ഹോസ്റ്റസ് ഇടപെട്ടു. എന്നാല്‍ സംഘം എയര്‍ഹോഴ്‌സിന് നേരെയും അതിക്രമം തുടര്‍ന്നു. പറ്റ്‌നയിലെത്തിയ ഉടനെ സംഘത്തിലെ രണ്ട് പേരെ സിഐഎസ്എഫിന് കൈമാറി. 

വിമാനത്താവളത്തിലെ എസ്എച്ച്ഒ റോബര്‍ട്ട് പീറ്റര്‍ മദ്യപിച്ചെത്തിയ യാത്രക്കാരെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു. ഇരുവരെയും കോടതിയില്‍ ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡിഗോയുടെ 6E-6383 എന്ന വിമാനത്തിലാണ് ഇരുവരും ഉണ്ടായിരുന്നത്. രോഹിത് കുമാര്‍, നിതിന്‍ എന്നിങ്ങനെയാണ് പ്രതികളുടെ പേരുകള്‍. അതേസമയം, മൂന്ന് പേരാണ് മദ്യപിച്ച് വിമാനത്തിലുള്ളില്‍ ബഹളം ഉണ്ടാക്കിയതെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു എന്നുമുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. വിമാനത്താവളത്തിലെത്തിയ ശേഷം, പ്രോട്ടോക്കോള്‍ പ്രകാരം ജീവനക്കാര്‍ സെക്യൂരിറ്റിയെയും എടിസിയെയും വിവരം അറിയിച്ചു. ബിഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രതികളുടെ അറസ്റ്റ്. 

ഇക്കഴിഞ്ഞ ജനുവരി 5 ന് ഗോവ-മുംബൈ വിമാനത്തില്‍ ക്രൂ അംഗത്തോട് മോശമായി പെരുമാറിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് വിദേശ പൗരന്മാരാണ് സംഭവം നടത്തിയത്. ഇരുവരെയും ഗോവയില്‍ തന്നെ ഇറക്കി (ടേക്ക് ഓഫിന് മുമ്പ്) സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇക്കാര്യം എയര്‍ലൈന്‍ ഡിജിസിഎയെ അറിയിച്ചിരുന്നു.