ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഐഫോൺ ഉപയോക്താക്കൾക്കായി ‘വ്യൂ-വൺസ്’ ടെക്സ്റ്റ് മെസേജുകൾ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് കമ്പനി നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലാണെന്നും ബീറ്റാ ഉപയോക്താക്കൾക്ക് പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും അറിയുന്നു.

വാട്‍സാപ്പ് ബീറ്റ ഫോർ ഐഓഎസ് (WhatsApp Beta for iOS) പതിപ്പ് 26.24.10.16-ൽ ഈ ഫീച്ചറിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് (TestFlight) പ്രോഗ്രാമിലൂടെ ബീറ്റാ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്ന ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമല്ല.

നിലവിൽ വാട്‌സ്ആപ്പിൽ ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ ‘വ്യൂ-വൺസ്’ രീതിയിൽ അയക്കാനുള്ള സൗകര്യമുണ്ട്. അതായത്, സ്വീകരിക്കുന്നയാൾ ഒരു തവണ മാത്രം അത് കാണാനോ കേൾക്കാനോ കഴിയും. പിന്നീട് ആ ഉള്ളടക്കം സ്വയം അപ്രത്യക്ഷമാകും. ഇതേ ആശയം ടെക്സ്റ്റ് സന്ദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.