ആഗോള സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംഘർഷ മേഖലകളിൽ കപ്പൽ ജീവനക്കാരുടെ ജീവന് സംരക്ഷണം നൽകണമെന്നും ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാൻ ഉൾക്കടലിൽ യുഎസ് സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പ്രതികരണം.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ പങ്കെടുത്ത ജി7 ഉച്ചകോടിയുടെ പ്രത്യേക സെഷനിലാണ് പശ്ചിമേഷ്യയിലെ അസ്ഥിരത ആഗോള വ്യാപാര മേഖലയ്ക്കും മനുഷ്യജീവനും ഉണ്ടാക്കുന്ന ഭീഷണികളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്.
“ആഗോള സമുദ്രവ്യാപാരത്തിലൂടെ ലോകരാഷ്ട്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സമുദ്രപാതകൾ സുരക്ഷിതമായിരിക്കണമെന്നും നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാൻ സാധിക്കണമെന്നും നാം ഉറപ്പുവരുത്തണം,” പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും എന്ന വിഷയത്തിൽ നടന്ന സെഷനിൽ പ്രധാനമന്ത്രി പറഞ്ഞു.
ആഗോള ഊർജ്ജ-വ്യാപാര മേഖലയുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചതായും ഇന്ത്യൻ പൗരന്മാരുടെ ജീവഹാനിക്ക് ഇടയാക്കിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒമാൻ തീരത്ത് കഴിഞ്ഞയാഴ്ച ‘സെറ്റെബെല്ലോ’ എന്ന ടാങ്കറിന് നേരെയുണ്ടായ യുഎസ് ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. ഇറാനിയൻ തുറമുഖങ്ങളിലെ യു.എസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജൂൺ 8 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ മൂന്ന് കപ്പലുകൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയിരുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നിശ്ചയിച്ചിട്ടുള്ള ഉഭയകക്ഷി ചർച്ചകൾക്ക് തലേന്നാണ് മോദിയുടെ ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി പ്രദേശം എത്രയും വേഗം ശാന്തമാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
ആഗോളതലത്തിൽ പരസ്പര ആശ്രയത്വം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ‘വിശ്വാസം’ ആണ് ലോകത്തിലെ ഏറ്റവും വലിയ തന്ത്രപ്രധാന ആസ്തിയെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഒരു രാജ്യത്തിന്റെ ഊർജ്ജം, ഭക്ഷണം, ആരോഗ്യം, സൈബർ സുരക്ഷ എന്നിവ സ്വന്തം അതിർത്തികൾക്കുള്ളിൽ മാത്രം തീരുമാനിക്കപ്പെടുന്നതല്ല. സാങ്കേതികവിദ്യയും വിതരണ ശൃംഖലകളും മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ആയുധങ്ങളായല്ല മറിച്ച് ആഗോള നന്മയ്ക്കായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
വികസ്വര രാജ്യങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശക്തമായ പങ്കാളിത്തം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ആഗ്രഹിക്കുന്നത് പരമ്പരാഗതമായ സാമ്പത്തിക സഹായങ്ങളല്ല മറിച്ച് തുല്യമായ പങ്കാളിത്തമാണ്. അവർ ആഗോള വികസനത്തിന്റെ ഗുണഭോക്താക്കൾ മാത്രമല്ല, തുല്യ പങ്കാളികളാകാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.



