ലുസൈലില്‍ അനശ്വരമായ ആ ബൂട്ടുകള്‍ക്ക് ഇനിയെന്താണ് വേണ്ടത്, സമ്മര്‍ദത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ആ കുമായവരയ്ക്കുള്ളില്‍ സര്‍വസ്വതന്ത്രനായി സര്‍വ്യാപിയായി അയാള്‍ക്ക് നിറയണം…
കാൻസാസ് സിറ്റി സ്റ്റേഡയത്തിന്റെ നീലക്കടലിന് നടുവിലെ പുല്‍നാമ്പുകള്‍ ആ കാല്‍സ്പര്‍ശമേല്‍ക്കാനൊരുങ്ങുകയാണ്. പൂര്‍ണനായി അമേരിക്കൻ മണ്ണിലേക്ക് ഉള്‍വലിഞ്ഞവനുവേണ്ടി കാല്‍പ്പന്തുലോകം ഇമവെട്ടാതെ കാത്തിരുന്നു…വെള്ളയില്‍ ഊര്‍ന്നിറങ്ങിയ നിലവരകളണിഞ്ഞ്, ഒരിക്കല്‍ക്കൂടി, അവസനമായി മൈതാനങ്ങള്‍ക്ക് ദിവ്യത്വം നല്‍കാൻ മിശിഹ തീരുമാനിച്ചിറങ്ങിയ ആറാം ലോകകപ്പ്…
ഒരു കൗമാരകാലത്തിന്റെ ദൂരത്തിനിപ്പുറം അള്‍ജീരിയ അയാള്‍ക്ക് മുന്നില്‍. കൈകളും ക്യാമറാക്കണ്ണുകളും ഉയര്‍ത്തി മുക്കാല്‍ ലക്ഷത്തോളം പേര്‍ ട്രിയോൻഡ ആ കാലുകളെത്തേടിയെത്തുന്നതിനായി അക്ഷമരായി…അള്‍ജീരിയൻ താരങ്ങള്‍ക്ക് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളു, അയാളെയും പന്തിനേയും വേര്‍പ്പെടുത്തി നിര്‍ത്തുക. എന്നാല്‍ മറുപുറത്തെ പത്തുപേര്‍ക്ക് ഒരു ദൗത്യമേയുണ്ടായിരുന്നുള്ളു…ആ മനുഷ്യനിലേക്ക് പന്തെത്തിക്കുക…അത് അവര്‍ ചെയ്തുകൊണ്ടേയിരുന്നു…



