ദ്യപാനശീലവുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി നിരവധി തവണ വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. ഭർത്താവിന്റെ മദ്യപാനവുമായി ബന്ധപ്പെട്ട് തങ്ങളുടെ ജീവിതത്തിലുണ്ടായ വിള്ളൽ ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് കാംബ്ലിയുടെ രണ്ടാം ഭാര്യ ആൻഡ്രിയ ഹെവിറ്റ്. വിവാഹമോചനത്തിലേക്ക് നീങ്ങിയതും അതിൽനിന്ന് പിന്തിരിപ്പിച്ച സാഹചര്യവുമാണ് ആൻഡ്രിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് മുൻ മോഡൽകൂടിയായ ആൻഡ്രിയ ഇക്കാര്യം പറഞ്ഞത്.

16 വയസുള്ളപ്പോൾ സച്ചിനൊപ്പം ഹാരിസ് ഷീൽഡ് ട്രോഫിയിൽ 664 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ കാംബ്ലിയുടെ ക്രിക്കറ്റ് കരിയർ മദ്യപാനംമൂലമാണ് നശിച്ചത്. കരിയർ പോലെത്തന്നെ സ്വകാര്യ ജീവിതത്തിലും കാംബ്ലിക്ക് മോശം അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വന്നു. പുണെയിലെ ഹോട്ടൽ ബ്ലൂ ഡയമണ്ടിലെ റിസപ്ഷനിസ്റ്റായിരുന്ന നോയല്ല ലൂയിസാണ് കാംബ്ലിയുടെ ആദ്യഭാര്യ. മദ്യപാനവും പരസ്ത്രീ ബന്ധവും ഇവരുടെ ജീവിതത്തിൽ വിള്ളൽവീഴ്ത്തി. പിന്നീടാണ് ഫാഷൻ മോഡലായ ആൻഡ്രിയ ഹെവിറ്റുമായി പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും.

അടുത്തിടെ കാംബ്ലിയുടെ ആശുപത്രിവാസവും അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചും ഏറെ ചർച്ചകൾ നടന്നിരുന്നു. ഇതിനിടെയാണ് ഫ്രീലാൻസ് ജേണലിസ്റ്റായ സൂര്യൻഷി പാണ്ഡെയുമായുള്ള പോഡ്കാസ്റ്റ് ഷോയിൽ മദ്യപാനംമൂലം ആൻഡ്രിയ കാംബ്ലിയെ വിട്ടുപോകാൻ ആലോചിച്ചകാര്യവും വിവാഹമോചനത്തിന് അപേക്ഷിച്ച കാര്യവും തുറന്നുപറഞ്ഞിരിക്കുന്നത്. കാംബ്ലിയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയാണ് ഇതിൽനിന്നെല്ലാം പിന്മാറിയതെന്നും ആൻഡ്രിയ വെളിപ്പെടുത്തി.

‘ഒരിക്കൽ വേർപിരിയലിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. പക്ഷേ അവനെ ഉപേക്ഷിച്ചാൽ അവൻ നിസ്സഹായനാകുമെന്ന് ഞാൻ മനസ്സിലാക്കി. അവനൊരു കുട്ടിയെപ്പോലെയാണ്, അതെന്നെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നു. ഒരു സുഹൃത്തിനെപോലും ഉപേക്ഷിക്കാൻ കഴിയുന്ന ആളല്ല ഞാൻ. അതിനേക്കാളും എത്രയോ അപ്പുറമാണ് എനിക്കവൻ. പിന്നിട്ടുപോയ നിമിഷങ്ങൾ ഞാൻ ഓർക്കുന്നു. അവൻ ഭക്ഷണംകഴിച്ചോ ഇല്ലയോ ശരിയായി കിടക്കുന്നുണ്ടോ സുഖമാണോ എന്നതെല്ലാം എന്നെ അലട്ടിക്കൊണ്ടിരിക്കും. എന്നെ അവന് ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കും’ ആൻഡ്രിയ പറഞ്ഞു.

2023-ലാണ് ആൻഡ്രിയ വിവാഹമോചനത്തിന് അപേക്ഷിച്ചതെന്നാണ് സൂചന. 2023 ഫെബ്രുവരിയിൽ ഗാർഹിക പീഡനത്തെച്ചൊല്ലി ആൻഡ്രിയ കാംബ്ലിക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.

ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്. മകൻ ജീസസ് ക്രിസ്റ്റ്യാനോ കാംബ്ലിയും മകൾ ജൊഹാനയും.

കാംബ്ലിയുടെ ആരോഗ്യപ്രശ്നങ്ങളിൽ രണ്ട് കുട്ടികളെയും പരിപാലിക്കുന്നത് ബുദ്ധിമുട്ടായിരുന്നെങ്കിലും ആ കാലയളവിൽ മകൻ തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ആൻഡ്രിയ പറഞ്ഞു.

‘മിക്കപ്പോഴും, എനിക്ക് എന്നോട് തന്നെ സാഹചര്യം വിശദീകരിക്കേണ്ടി വന്നിരുന്നു, ഞാൻ തന്നെയാണ് പപ്പയെന്നും ഞാൻ തന്നെയാണ് അമ്മയെന്നും. മകൻ ക്രിസ്റ്റ്യാനോയ്ക്ക് എല്ലാം മനസ്സിലായി, അവൻ എന്നെ ഒട്ടും ബുദ്ധിമുട്ടിച്ചില്ല, എന്റെ മുഖത്തുണ്ടാകുന്ന വികാരങ്ങളെല്ലാം അവൻ തിരിച്ചറിഞ്ഞു’ ആൻഡ്രിയ കൂട്ടിച്ചേർത്തു.