ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: നീ ഇത് എന്ത് തേങ്ങയാടാ പറയുന്നത്… എന്നത് സിനിമയിലെ ഡയലോഗാണ്. എന്നാല്‍ ഓരോ ദിവസവും ട്രംപ് പറയുന്നത് കേട്ടാല്‍ ഈ ചോദ്യം അദ്ദേഹത്തോട് ജനങ്ങള്‍ ചോദിക്കുന്ന ദിനങ്ങള്‍ വൈകില്ല. പതിറ്റാണ്ടുകളായി, വാഷിംഗ്ടണിലെ തുടര്‍ച്ചയായ പ്രസിഡന്റുമാര്‍ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് രണ്ട് രാഷ്ട്ര പരിഹാരമാണ് നിര്‍ദേശിച്ചിരുന്നത്. ട്രംപും ഇതു തന്നെയാണ് പറഞ്ഞത്. പക്ഷേ ഇതുവരെ ആരും സങ്കല്‍പ്പിച്ചിട്ടില്ലാത്ത രണ്ടാം രാജ്യമാണ് ട്രംപിന്റെ ലക്ഷ്യമെന്നും മാത്രം. രണ്ടാമത്തെ രാഷ്ട്രം പലസ്തീന്‍ അല്ല, അമേരിക്കയുടേതായിരിക്കും എന്നതാണ് ട്രംപിന്റെ പ്ലാന്‍.

ഗാസയിലെ മുഴുവന്‍ പലസ്തീന്‍ ജനതയെയും കുടിയിറക്കാനും ബീച്ച് പ്രദേശം അമേരിക്ക ഏറ്റെടുക്കാനുമുള്ള പ്രസിഡന്റ് ട്രംപിന്റെ അതിശയകരമായ പദ്ധതി മിഡില്‍ ഈസ്റ്റിനെ അക്ഷരാര്‍ഥത്തില്‍ അസ്വസ്ഥമാക്കിയിരിക്കുകയാണ്. സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ ഇസ്രായേലിനൊപ്പം പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്ന ദീര്‍ഘകാല പദ്ധതിക്കാണ് ഇതോടെ അന്ത്യമാകുന്നത്.

രണ്ടിനു വേണ്ടി ലോകം

പലസ്തീന്‍ രാഷ്ട്രത്തെക്കുറിച്ചുള്ള ഏതൊരു കാഴ്ചപ്പാടിലും വെസ്റ്റ് ബാങ്കിനൊപ്പം ഗാസയെ അതിന്റെ അവിഭാജ്യ ഘടകമായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ ആശയപ്രകാരം ഗാസ ഒരു യുഎസ് പ്രദേശമായി മാറും. ജനങ്ങള്‍ അവിധി ആഘോഷിക്കാന്‍ കുട്ടത്തോടെ എത്തുന്ന ‘മിഡില്‍ ഈസ്റ്റിന്റെ റിവിയേര’ ആയി രൂപാന്തരപ്പെടുമേ്രത. പക്ഷേ, അത് ഇനി പലസ്തീനികളുടെ സ്വന്തമല്ല, താമസിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും വരാന്‍ കഴിയും. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുക്കുന്നതിനുള്ള മൗന സമ്മതവും ട്രംപ് നല്‍കി.

ദ്വിരാഷ്ട്രം സിദ്ധാത്തിന് ഏറെക്കുറേ അന്ത്യമായത് 2023 ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്. തിരിച്ചടിയില്‍ 47,000 ഹമാസ് തീവ്രവാദികളും സാധാരണക്കാരും ഇസ്രയേലിന്റെ ഇരകളായി മാറുകയും ചെയ്തിരുന്നു. സമീപ വര്‍ഷങ്ങളില്‍ തന്നെ പലസ്തീന്‍ രാഷ്ട്രത്തിനുള്ള സാധ്യതകള്‍ മങ്ങിയിരുന്നു. ആക്രമണത്തിന് പിന്നാലെ ഇത് ഏറെക്കുറേ അസ്തമിച്ച മട്ടാണ്. ഇസ്രായേലികളോ പലസ്തീന്‍ ജനതയോ ദ്വിരാഷ്ട്ര സാഹചര്യം ഇനി പ്രായോഗിക പദ്ധതിയായി കാണുന്നുമില്ല.

എന്നാല്‍ ഇതുവരെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഔദ്യോഗിക നയമായി ഈ ആശയത്തില്‍ ഉറച്ചുനില്‍ക്കുന്നത് തുടരുന്നു. ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ഏതൊരു കരാറിലും പലസ്തീന്‍ രാഷ്ട്രം ഭാഗമാകണമെന്ന് സൗദി അറേബ്യ നിര്‍ബന്ധം പിടിച്ചിട്ടുണ്ട്. ട്രംപും മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജൂനിയറും ഇത്രയും നാള്‍ ഈ ആശയത്തെ പിന്തുണച്ചിരുന്നു.

”യുഎസ് ഗാസയുടെ ഉടമസ്ഥാവകാശം നേടുകയും വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കുകയും ചെയ്യുന്നത് ഒരു കരാറിന് വഴിയൊരുക്കുന്നുവെന്ന് ട്രംപ് കരുതുന്നുവെങ്കില്‍, അദ്ദേഹം മുഢസ്വര്‍ഗത്തിലാണ്. ” മിഡില്‍ ഈസ്റ്റില്‍ ചര്‍ച്ചകളിലൂടെയുള്ള സമാധാനം പ്രോത്സാഹിപ്പിക്കുന്ന ലിബറല്‍, ഇസ്രായേല്‍ അനുകൂല, വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ജെ സ്ട്രീറ്റിന്റെ പ്രസിഡന്റ് ജെറമി ബെന്‍-ആമി പറഞ്ഞു.

അത്മവിശ്വാസത്തില്‍ പലസ്തീന്‍ വിരുദ്ധര്‍

പലസ്തീന്‍ രാഷ്ട്രത്തിന്റെ എതിരാളികള്‍ ഈ ഘട്ടത്തില്‍ ആത്മവിശ്വാസത്തിലാണ്. ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ബൈഡന്റെ തുടര്‍ച്ചയായ നിര്‍ബന്ധം വളരെ കുറച്ചുപേര്‍ മാത്രമേ ഗൗരവമായി എടുത്തിട്ടുള്ളൂവെങ്കിലും, ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഒരിക്കലും ഒരു പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.

”ഇത് ഒരു മൃതമായ പ്രശ്‌നമാണ്,” ദ്വിരാഷ്ട്ര പരിഹാരത്തെ എതിര്‍ക്കുന്ന സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കയുടെ ദേശീയ പ്രസിഡന്റ് മോര്‍ട്ടണ്‍ എ. ക്ലീന്‍ പറഞ്ഞു. ”മിക്ക ആളുകളും ഇത് ഒരു മൃതമായ പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ”ഗാസയില്‍ ഒറു രാജ്യമുണ്ടായാല്‍ അവര്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ചോദിച്ചു.

മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയുന്ന ഒരേയൊരു വ്യക്തിയായി ട്രംപ് വളരെക്കാലമായി സ്വയം അവതരിപ്പിച്ചിരുന്നു നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ അദ്ദേഹം തന്നെ ‘സമാധാനദൂതന്‍’ ആയാണ് അവതരിപ്പിച്ചത്. പക്ഷേ അദ്ദേഹത്തിന് ഒരിക്കലും ആ അഭിലാഷം നേടാനായില്ല. 2017 ല്‍ അദ്ദേഹം അധികാരമേറ്റപ്പോള്‍, ഇസ്രായേലികള്‍ക്കും പലസ്തീനികള്‍ക്കും ഇടയിലുള്ള തലമുറകളായി നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കുക എന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തിരുന്നു. ”വര്‍ഷങ്ങളായി ആളുകള്‍ കരുതിയിരുന്നതുപോലെ ബുദ്ധിമുട്ടുള്ളതല്ല” എന്ന് വരെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ വര്‍ഷങ്ങളായി ആളുകള്‍ ചിന്തിച്ചതുപോലെ തന്നെ ബുദ്ധിമുട്ടുള്ളതാണെന്ന് തെളിഞ്ഞു. 2020 ല്‍ പലസ്തീന്‍ രാഷ്ട്രത്തെക്കുറിച്ചുള്ള പദ്ധതി വികസിപ്പിക്കാന്‍ അദ്ദേഹം തന്റെ മരുമകന്‍ ജാരെഡ് കുഷ്നറെ ചുമതലപ്പെടുത്തി. ആ റിപ്പോര്‍ട്ട് ആകട്ടെ ഇസ്രായേലിലേക്ക് ചായുന്നതായി വ്യാപകമായി ആരോപണമുയര്‍ന്നു. പദ്ധതി പ്രകാരം, ഇസ്രയേലിന് വെസ്റ്റ് ബാങ്കിലെ അവരുടെ വാസസ്ഥലങ്ങള്‍ നിലനിര്‍ത്താനും ഏകീകൃത ജറുസലേം തലസ്ഥാനമായി പൂര്‍ണ്ണ നിയന്ത്രണത്തോടെ നിലനിര്‍ത്താനും അനുമതി നല്‍കണമെന്നു നിര്‍ദേശിച്ചിരുന്നു. പലസ്തീനികള്‍ക്ക് 50 ബില്യണ്‍ ഡോളര്‍ അന്താരാഷ്ട്ര നിക്ഷേപം വാഗ്ദാനം ചെയ്യുകയും ചെയ്തു.

പദ്ധതി എങ്ങുമെത്തിയില്ല. പക്ഷേ അബ്രഹാം ഉടമ്പടികളിലൂടെ ഇസ്രായേലും ബഹ്റൈനും യുണൈറ്റഡ് അറബ് എമിറേറ്റ്സും ഉള്‍പ്പെടെ നിരവധി അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയതിലൂടെ ട്രംപിന് സമാശ്വാസ സമ്മാനം നേടാന്‍ കഴിഞ്ഞു. ആ സമയത്ത് സൗദി അറേബ്യ ചേരാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 7 ലെ ആക്രമണം ചര്‍ച്ചകളെ തകര്‍ക്കുന്നതുവരെ ബൈഡന്‍ ഒരു കരാര്‍ ഉറപ്പിക്കുന്നതിന് അടുത്തെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും അധികാരത്തില്‍ എത്തിയ ട്രംപ്, മേഖലയെ പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന അത്തരമൊരു കരാര്‍ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുകയാണ്.

എന്നാല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം അദ്ദേഹം രണ്ട്-രാഷ്ട്ര പരിഹാരത്തോട് മുഖം തിരിച്ചു നില്‍ക്കുകയാണ്. ഇസ്രായേലിലേക്കുള്ള അദ്ദേഹത്തിന്റെ പുതുതായി നിയമിതനായ അംബാസഡര്‍ മൈക്ക് ഹക്കബിയും ഇത് തള്ളിക്കളഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗാസയുടെ ‘ഉടമസ്ഥാവകാശം’ ഏറ്റെടുക്കാനുള്ള തന്റെ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍, അതിനര്‍ത്ഥം അദ്ദേഹം ഇനി ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നില്ല എന്നാണോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അതിനും വ്യക്തമായി ഉത്തരം നല്‍കാതെ ട്രംപ് ഒഴിഞ്ഞു മാറുകയായിരുന്നു. ഏതെങ്കിലും രാഷ്ട്ര നിര്‍മിക്കുന്നതല്ല തന്റെ പദ്ധതിയെന്നും ആളുകള്‍ക്ക് ജീവിക്കാന്‍ ഒരു അവസരം നല്‍കുക എന്നതാണ്’ ആഗ്രഹിക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ വാദം.

അടുത്ത ദിവസം സിബിഎസ് ന്യൂസില്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞത്, ‘ഇത് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അവസാനമാണെന്ന് പ്രസിഡന്റ് പറയുന്നത് ഞാന്‍ തീര്‍ച്ചയായും കേട്ടില്ല’ എന്നാണ്. എന്നാല്‍ ഗാസയെ പലസ്തീനില്‍ നിന്ന് അകറ്റുന്നതും അവര്‍ക്ക് സ്വീകാര്യമായ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതും എങ്ങനെ പൊരുത്തപ്പെടുമെന്ന് അദ്ദേഹമോ മറ്റ് ഏതെങ്കിലും ഭരണകൂട ഉദ്യോഗസ്ഥരോ വിശദീകരിച്ചിട്ടില്ല.

ആര്‍ക്കും വേണ്ടാത്ത ‘രാജ്യം’

ട്രംപിന്റെ ഗാസ പദ്ധതിയോടുള്ള പ്രതികരണം ഇസ്രായേലിന് പുറത്ത് പൊതുവെ പ്രതികൂലമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ, തുര്‍ക്കി, കാനഡ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ എല്ലാവരും ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ ആവര്‍ത്തിച്ചു.

എന്നാല്‍ ഒരു യാഥാര്‍ത്ഥ്യബോധമുള്ള അജണ്ടയേക്കാള്‍ ഒരു നയതന്ത്ര ചര്‍ച്ചാ വിഷയമായിട്ടാണ് മിക്കവരും ഇതിനെ കാണുന്നത്. ഇസ്രായേലിലും പലസ്തീന്‍ പ്രദേശങ്ങളിലും, സമാധാനത്തോടെ അടുത്തടുത്തായി ജീവിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍ എന്ന ആശയത്തിന് ഒരിക്കല്‍ ഉണ്ടായിരുന്ന വിശാലമായ പിന്തുണ പക്ഷേ നഷ്ടപ്പെട്ടു എന്ന് പറയാതെ വയ്യ.

ഇസ്രായേലില്‍, കഴിഞ്ഞ വേനല്‍ക്കാലത്ത് ഗാലപ്പ് പോളിംഗില്‍ 27 ശതമാനം ആളുകള്‍ മാത്രമാണ് ഇപ്പോഴും ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ചത്. അതേസമയം 64 ശതമാനം പേര്‍ അതിനെ എതിര്‍ത്തു. 2012 ല്‍ 61 ശതമാനം പേര്‍ അതിനെ പിന്തുണയ്ക്കുകയും 30 ശതമാനം പേര്‍ മാത്രമേ അതിനെ എതിര്‍ക്കുകയും ചെയ്തുള്ളൂ എന്നതില്‍ നിന്ന് ഇത് വിപരീതമാണ്.

വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും പലസ്തീനികളുടെ വീക്ഷണങ്ങളുമായി ഇത് ഏതാണ്ട് സമാനമായിരുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് അഭിമുഖം നടത്തിയവരില്‍ 28 ശതമാനം പേര്‍ മാത്രമാണ് അത്തരമൊരു പദ്ധതിയെ പിന്തുണച്ചത്, അതേസമയം 64 ശതമാനം പേര്‍ അതിനെ എതിര്‍ത്തു. 2012 ല്‍ നിന്ന് സമൂലമായ മാറ്റമാണ് ഇപ്പോഴുള്ളത്. ആ പ്രദേശങ്ങളില്‍ 66 ശതമാനം പേര്‍ ഇതിനെ പിന്തുണച്ചപ്പോള്‍ 32 ശതമാനം പേര്‍ പിന്തുണച്ചില്ല.