• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: പ്രസിഡന്റ് ജോ ബൈഡന്റെ വിദേശ നയങ്ങള്‍ യുഎസ് രാഷ്ട്രീയ വൃത്തങ്ങളിലും തിരഞ്ഞെടുപ്പ് വേദികളിലും വലിയ ചര്‍ച്ചാ വിഷയമാണ്. ഒരു കാലത്ത് ലോക പൊലീസായി നെഞ്ചു വിരിച്ചു നിന്നിരുന്ന യുഎസിനെ ഇപ്പോള്‍ സഖ്യ രാജ്യങ്ങള്‍ക്ക് പോലും വലിയ വിലയില്ലാതായി എന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന ആരോപണങ്ങളില്‍ ഒന്നും ഈ വിദേശ നയവും യുഎസിന്റെ അപ്രമാദിത്വത്തിന് ലോക വേദിയില്‍ സംഭവിച്ച അപചയവുമാണ്.

ഏറ്റവുമടുത്ത സഖ്യരാജ്യമായ ഇസ്രയേല്‍ പോലും യുഎസിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന തോന്നല്‍ ഇപ്പോള്‍ പ്രസിഡന്റ് ജോ ബൈഡനും ശക്തമാണ്. കഴിഞ്ഞ ദിവസം ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് മുഖം കറുത്തു സംസാരിക്കുക വരെ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ചീഫ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പിന്നാലെ നടത്തിയ സംഭാഷണ മധ്യേയാണ് ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയോട് ക്ഷുഭിതനായത്.

”എന്നെ വിഡ്ഢികളാക്കുന്നത് നിര്‍ത്തുക” എന്ന് സംഭാഷണത്തിനിടെ ബൈഡന്‍ പറഞ്ഞതായി ചാനല്‍ 12 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രായേല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചര്‍ച്ച പുനരാരംഭിക്കുന്നതിന് ഉടന്‍ തന്നെ ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്നും നെതന്യാഹു പറഞ്ഞതിനു പിന്നാലെയാണ് ബൈഡന്‍ ഇങ്ങനെ പ്രതികരിച്ചത്. ‘പ്രസിഡണ്ടിനെ നിസ്സാരമായി കാണരുത്’ എന്ന് പറഞ്ഞുകൊണ്ടാണ് ബൈഡന്‍ സംഭാഷണം അവസാനിപ്പിച്ചതെന്നും പറയപ്പെടുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, ഇറാനുമായും അവരെ പിന്തുണയ്ക്കുന്ന വിഭാഗങ്ങളുമായും ഇസ്രയേല്‍ സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ സാധ്യത ഉള്ളതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സംഭാഷണത്തിനിടെയാണ് ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഇസ്രയേലിനു നേര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ആക്രമണത്തെ ചെറുക്കാന്‍ യുഎസ് നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇറാന്‍, ടെഹ്റാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ തങ്ങളുടെ പല നേതാക്കളെയും അടുത്തിടെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ 13-14 രാത്രിയില്‍ ഇസ്രായേലിനെതിരെ ഇറാന്റെ അഭൂതപൂര്‍വമായ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തെ ചെറുക്കാന്‍ സഹായിക്കുന്നതിന് പ്രസിഡന്റ് ബൈഡന്‍ മേഖലയിലെ സഖ്യരാഷ്ട്രങ്ങളുടെ പിന്തുണ സമാഹരിച്ചിരുന്നു. ഇത്രയെല്ലാം ചെയ്തിട്ടും പലപ്പോഴും യുഎസിനെ വിശ്വാസത്തിലെടുക്കാതെയുള്ള പ്രവര്‍ത്തികളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് യുഎസിന് പരാതിയുണ്ട്.

റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട്, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് ഒരു ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. ‘ഇസ്രയേല്‍ പ്രധാനമന്ത്രി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ല. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നവരുമായി അദ്ദേഹം പ്രവര്‍ത്തിക്കും, അതുപോലെ തന്നെ അമേരിക്കക്കാര്‍ ഇസ്രയേലിലെ രാഷ്ട്രീയത്തിലും ഇടപെടില്ലെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.” ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് ശേഷം, ഇറാനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു ധൈര്യപ്പെടുന്നതായി ഒരു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ ദി ടെലിഗ്രാഫിനോട് പറഞ്ഞു. റീറണ്ണിനായി ശ്രമിച്ചിരുന്ന ഘട്ടത്തില്‍ തന്നെ ‘നിയന്ത്രിക്കാന്‍’ യുഎസ് പ്രസിഡന്റ് ശ്രമിക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി കരുതിയിരുന്നതായി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

”ഇറാന്‍ ആക്രമണങ്ങളോട് വളരെ രൂക്ഷമായി പ്രതികരിക്കരുതെന്ന് അദ്ദേഹം അദ്ദേഹത്തോട് പറഞ്ഞു. ഇറാന് ഇത് അറിയാമായിരുന്നു, അതിനാലാണ് അവര്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ സാഹചര്യം മുതലെടുത്തത്,” ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. എന്തായാലും ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ ഇറാന്റെ ആത്മവിശ്വാസത്തിന് അല്‍പം കോട്ടം വന്നിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.