ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ഇറാന്റെ ആണവ ശേഖരത്തിന്മേൽ കടുത്ത വ്യവസ്ഥകളുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് രംഗത്ത്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

ഒന്നുകിൽ യുറേനിയം ശേഖരം അമേരിക്കയ്ക്ക് കൈമാറി നശിപ്പിക്കണം, അല്ലെങ്കിൽ ഇറാന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെയോ അതിന് തുല്യമായ മറ്റ് അതോറിറ്റിയുടെയോ മേൽനോട്ടത്തിൽ ഇറാനിലോ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലോ വെച്ച് അത് പൂർണ്ണമായും ഇല്ലാതാക്കണം എന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഒന്നുകിൽ അമേരിക്കയ്ക്ക് കൈമാറി അവ നശിപ്പിക്കും. അല്ലെങ്കിൽ ഇറാന്റെ സഹകരണത്തോടെയും ഏകോപനത്തോടെയും, അവിടെ വെച്ചോ അല്ലെങ്കിൽ മറ്റൊരു സ്വീകാര്യമായ സ്ഥലത്തോ അറ്റോമിക് എനർജി കമ്മിഷനെയോ അതിന് തുല്യമായ സ്ഥാപനത്തെയോ സാക്ഷിയാക്കി അവ നശിപ്പിക്കും,’ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. എന്നാൽ ട്രംപിന്റെ ഈ പ്രസ്താവനയോട് ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, ശത്രുക്കളുടെ അമിതമായ ആവശ്യങ്ങൾക്ക് രാജ്യം വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. ഇറാന്റെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്ന രീതിയിലാണ് ചർച്ചകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു സാഹചര്യത്തിലും രാജ്യം സമ്മർദ്ദങ്ങൾക്ക് കീഴ്‌പ്പെടില്ലെന്നും ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടക്കാമെന്നത് വെറുമൊരു മിഥ്യാബോധം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബി പശ്ചിമേഷ്യൻ സുരക്ഷയെക്കുറിച്ച് സംസാരിച്ചു. ഹോർമുസ് കടലിടുക്ക് ഏതുവിധേനയും തുറക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാകിസ്താൻ സൈനിക മേധാവിയുടെ നേതൃത്വത്തിൽ ചൈനയുമായി ചേർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു താൽക്കാലിക സമാധാന കരാറിനായി ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്.

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ കണക്കുകൾ പ്രകാരം ഏകദേശം 440.9 കിലോഗ്രാം ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാന്റെ പക്കലുണ്ട്. 60 ശതമാനം പ്യൂരിറ്റിയുള്ള ഈ ശേഖരം അതീവ അപകടകരമായാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്. സാധാരണ സിവിൽ ആവശ്യങ്ങൾക്കായി മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മാത്രം സമ്പുഷ്ടീകരിച്ച യുറേനിയം മതിയെന്നിരിക്കെയാണ് ഇറാൻ ഇത് 60 ശതമാനമായി ഉയർത്തിയത്.

സാങ്കേതികമായി 60 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ. അവിടെ നിന്ന് ആയുധ നിലവാരത്തിലേക്ക് എത്തിക്കുക എന്നത് വളരെ ചെറിയൊരു സാങ്കേതിക ഘട്ടം മാത്രമാണ്. ഈ 440 കിലോഗ്രാം യുറേനിയം വീണ്ടും സമ്പുഷ്ടീകരിച്ചാൽ കുറഞ്ഞത് ഒൻപത് ആണവായുധങ്ങൾ വരെ നിർമ്മിക്കാനുള്ള ഇന്ധനം ഇറാന് ലഭിക്കുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. അതുകൊണ്ടാണ് ഈ ശേഖരത്തെ ആണവപ്പൊടി എന്ന് വിശേഷിപ്പിക്കുന്നത്.

ഇറാന്റെ യുറേനിയം ശേഖരത്തിന്റെ പകുതിയിലധികവും ഇസ്‌ഫഹാനിലെ കുന്നുകൾക്ക് അടിയിലുള്ള അതീവ സുരക്ഷാ തുരങ്കങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. മുൻപ് അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളിൽ ഈ കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും യുറേനിയം അടങ്ങിയ സിലിൻഡർ ശേഖരങ്ങൾ ഇപ്പോഴും സുരക്ഷിതമായി ഭൂമിക്കടിയിലുണ്ടെന്നാണ് വിവരം. ഈ യുറേനിയം അമേരിക്ക പിടിച്ചെടുക്കുമെന്ന് ഭയന്ന് താൽക്കാലിക കരാറിന്റെ ഭാഗമായി ഇത് ചൈനയ്ക്ക് കൈമാറാൻ ഇറാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് ട്രംപിന്റെ പുതിയ പ്രസ്താവന.