ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ശക്തമാക്കിയതിനെച്ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും തമ്മില്‍ ഫോണിലൂടെ രൂക്ഷമായ തര്‍ക്കമുണ്ടായതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലെബനനിലെ ഇസ്രായേലിന്റെ സൈനിക നടപടികള്‍ കാരണം അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ഫോണിലൂടെ നെതന്യാഹുവിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.
ഫോണ്‍ സംഭാഷണത്തിനിടയില്‍ ട്രംപ് നെതന്യാഹുവിനെ ‘ഭ്രാന്തന്‍’ എന്ന് വിളിക്കുകയും ഇസ്രായേലിന് താന്‍ നല്‍കിയ പിന്തുണയോട് നെതന്യാഹു നന്ദികേട് കാണിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. താനില്ലായിരുന്നെങ്കില്‍ നെതന്യാഹു ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നുവെന്നും താനാണ് അദ്ദേഹത്തെ രക്ഷിച്ചതെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. നിലവിലെ ആക്രമണങ്ങള്‍ കാരണം ഇപ്പോള്‍ എല്ലാവരും നെതന്യാഹുവിനെയും ഇസ്രായേലിനെയും വെറുക്കുകയാണെന്ന് ട്രംപ് ആക്രോശിച്ചതായി യുഎസ് ഔദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കടുത്ത ദേഷ്യത്തിലായിരുന്ന ട്രംപ്, ഇസ്രായേലിന്റെ നടപടികളെ ഫോണ്‍ കോളിലുടനീളം ശക്തമായി ചോദ്യം ചെയ്യുകയും ചെയ്തു. ഹിസ്ബുള്ളയുടെ ആക്രമണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് ട്രംപ് സമ്മതിക്കുന്നുണ്ടെങ്കിലും, നെതന്യാഹുവിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് പരിധിവിട്ട ആക്രമണമാണെന്നാണ് യുഎസ് വിലയിരുത്തല്‍.
ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളില്‍ ട്രംപ് ആശങ്ക രേഖപ്പെടുത്തി. ഹിസ്ബുള്ള കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ട് വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളോട് ട്രംപ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. ബെയ്‌റൂട്ട് ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ട്രംപ് തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള പദ്ധതി ഇസ്രായേല്‍ ഉപേക്ഷിച്ചതായി ഇസ്രായേല്‍ ഔദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ഇരുനേതാക്കളും തമ്മില്‍ നടന്ന ഏറ്റവും കഠിനമായ സംഭാഷണമായിരുന്നു ഇത്. ഈ ഫോണ്‍ കോളിന് ശേഷം, ഇറാനുമായുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ മുന്നോട്ട് പോകുകയാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി പങ്കുവെച്ചു. എന്നാല്‍ ഹിസ്ബുള്ള ആക്രമണം തുടര്‍ന്നാല്‍ ബെയ്‌റൂട്ടില്‍ ഇനിയും ആക്രമണം നടത്തുമെന്നും തെക്കന്‍ ലെബനനിലെ തങ്ങളുടെ സൈനിക നടപടികള്‍ തുടരുമെന്നും നെതന്യാഹു പിന്നീട് പ്രസ്താവിച്ചു. യുഎസും ഇറാനും തമ്മില്‍ ചര്‍ച്ച ചെയ്യുന്ന കരാറില്‍ ലെബനനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുന്നുണ്ട്. ഇതാണ് ട്രംപും നെതന്യാഹുവും തമ്മിലുള്ള നിലവിലെ ഭിന്നതയ്ക്ക് പ്രധാന കാരണം.



