കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതികൾക്കുള്ള യുഎസ് തീരുവകൾ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താരിഫുകൾ കൃത്യസമയത്ത് ഷെഡ്യൂൾ ചെയ്ത പ്രകാരം മുന്നോട്ട് പോകുമെന്ന് വൈറ്റ് ഹൗസ് പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. എല്ലാത്തിലും വിദേശ രാജ്യങ്ങൾ യുഎസിനെ മുതലെടുത്തിട്ടുണ്ടെന്ന് പറഞ്ഞ ട്രംപ് താരിഫുകൾ ചുമത്താനുള്ള തന്റെ പദ്ധതി ആവർത്തിക്കുകയും ചെയ്തു.
ഫെബ്രുവരി 1 ന് മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് 25% തീരുവയും കാനഡയിൽ നിന്നുള്ള എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവയ്ക്ക് 10 ശതമാനം നികുതിയും ചുമത്തുന്ന ഉത്തരവിൽ ട്രംപ് ഒപ്പ് വച്ചിരുന്നു. എന്നാൽ ഫെബ്രുവരി 3-ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ്, കനേഡിയൻ സാധനങ്ങളുടെ തീരുവ 30 ദിവസത്തേക്ക് താൽക്കാലികമായി നിർത്തുമെന്നും മെക്സിക്കൻ ഇറക്കുമതിയുടെ തീരുവ ഒരു മാസത്തേക്ക് മാറ്റിവയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഈ കാലയളവ് കഴിയാനിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം. ആ ഇടവേളയിൽ, തന്റെ ഭരണകൂടം മെക്സിക്കോയുമായി ചർച്ചകളിൽ ഏർപ്പെടുമെന്നും “കാനഡയുമായി അന്തിമ സാമ്പത്തിക കരാർ” പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ട്രംപിന്റെ നടപടിക്ക് പ്രതികാരമായി 155 ബില്യൺ കനേഡിയൻ ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്ക് തങ്ങളുടെ രാജ്യം താരിഫ് ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോയും പറഞ്ഞിരുന്നു.



