ഐഫോൺ സിഇഒ ടിം കുക്ക് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ വമ്പൻ പ്രഖ്യാപനങ്ങളുമായി ആപ്പിൾ. യുഎസിൽ ഒരു പുതിയ ഫാക്ടറി നിർമ്മിക്കാനും രാജ്യത്ത് 20,000 പേരെ നിയമിക്കാനുമുള്ള പദ്ധതികൾ ഉൾപ്പെടെ, അടുത്ത നാല് വർഷത്തിനുള്ളിൽ യുഎസിൽ 500 ബില്യൺ ഡോളറിലധികം നിക്ഷേപിക്കുമെന്ന് ആണ് ആപ്പിൾ തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

കമ്പനിയുടെ പുതിയ 500 ബില്യൺ ഡോളർ പദ്ധതിയിൽ അതിൻ്റെ അഡ്വാൻസ്‌ഡ് മാനുഫാക്ചറിംഗ് ഫണ്ട് 5 ബില്യണിൽ നിന്ന് 10 ബില്യൺ ഡോളറായി ഇരട്ടിയാക്കുന്നതും ഹ്യൂസ്റ്റണിൽ പുതിയ നൂതന ഉൽപ്പാദന കേന്ദ്രം നിർമ്മിക്കുന്നതും ഉൾപ്പെടുന്നുവെന്നും ഒരു പത്രക്കുറിപ്പിൽ കുക്ക് വ്യക്തമാക്കി.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമായ ആപ്പിൾ ഇൻ്റലിജൻസിനെ പിന്തുണയ്ക്കുന്നതിനായി കമ്പനി വിന്യസിക്കാൻ ഉദ്ദേശിക്കുന്ന സെർവറുകൾ നിർമ്മിക്കാൻ ഹ്യൂസ്റ്റണിലെ ഫാക്ടറി ഉപയോഗിക്കും എന്നാണ് ലഭിക്കുന്ന വിവരം.

അടുത്ത തലമുറ യു.എസ്. നിർമ്മാതാക്കളെ പരിശീലിപ്പിക്കുന്നതിന്, കൂടുതൽ ഗവേഷണ-വികസന നിക്ഷേപങ്ങൾ, 20 സംസ്ഥാനങ്ങളിലെ ആപ്പിൾ ടിവി + പ്രൊഡക്ഷനുകൾ എന്നിവയ്ക്കായി മിഷിഗണിൽ ഒരു അക്കാദമി സൃഷ്ടിക്കുന്നതും ഈ നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുന്നു. AI ഓഫറുകൾ വിപുലീകരിക്കാനുള്ള ശ്രമത്തിൽ, നോർത്ത് കരോലിന, അയോവ, ഒറിഗോൺ, അരിസോണ, നെവാഡ എന്നിവിടങ്ങളിലെ ഡാറ്റാ സെൻ്റർ ശേഷി വർദ്ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം തൻ്റെ ഇറക്കുമതി താരിഫ് ആപ്പിളിൻ്റെ ഉൽപ്പന്നങ്ങളെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് കുക്ക് കഴിഞ്ഞ ആഴ്ച പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ കുക്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൻ്റെ പ്രസംഗത്തിൽ ട്രംപ് നൂറുകണക്കിന് ബില്യൺ ഡോളർ ആപ്പിൾ നിക്ഷേപിക്കും എന്നും കുക്ക് അത് ഉടൻ പ്രഖ്യാപിക്കും എന്നും വ്യക്തമാക്കിയിരുന്നു.