കാറുകളുടെയും വൈനിന്റെയും ഉയർന്ന തീരുവ കുറയ്ക്കാൻ  ഇന്ത്യയോട് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ന്യൂഡൽഹി സന്ദർശിക്കുമ്പോൾ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് സൂചന. സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ വേഗത്തിലാക്കാൻ ചില ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനും, ഉൽപ്പന്നങ്ങൾക്കുള്ള വിപണി പ്രവേശനം വിപുലീകരിക്കാനും യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽ സമ്മർദ്ദം ചെലുത്തുമെന്ന്  ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ ആദ്യം മുതൽ പരസ്പര താരിഫ് ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണികൾക്കിടയിലാണ് യൂറോപ്യൻ യൂണിയൻ താരിഫ് കുറയ്ക്കണമെന്ന ആവശ്യം. ഇത് ഇന്ത്യയിലെ കയറ്റുമതിക്കാർക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സിറ്റി റിസർച്ചിലെ വിശകലന വിദഗ്ധർ പ്രതിവർഷം ഏകദേശം 7 ബില്യൺ ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു. ഉൽപ്പന്നങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ, 2024 ൽ വ്യാപാരം 126 ബില്യൺ ഡോളറിനടുത്തെത്തി.

ഇന്ത്യയുമായുള്ള സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കുക, ചൈനയിൽ നിന്നുള്ള പ്രധാന ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ഇയു  ഇതിലൂടെ ലക്ഷ്യമിടുന്നത്.