സുനിത വില്യംസും ബുച്ച് വിൽമോറും യാത്ര ചെയ്തിരുന്ന ബോയിങ്ങിൻ്റെ സ്റ്റാർലൈനറിൽ നിന്ന് അജ്‍ഞാത ശബ്‌ദം കേട്ടതായ വിവരം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. നേരത്തെ സുനിതയുടെ സഹയാത്രികനായ ബുച്ചായിരുന്നു ഈ വിവരം നാസയെ അറിയിച്ചത്. ഇതിന് പിന്നാലെ ശബ്ദത്തിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് നാസ.
വിഷയം പഠിക്കാൻ നാസ വൈകാതെ രംഗത്തെത്തുകയായിരുന്നു. ബുച്ച് വിൽമോർ റിപ്പോർട്ട് ചെയ്ത വിചിത്രമായ ശബ്ദം ഒരു ഓഡിയോ ഫീഡ്‌ബാക്കിൽ നിന്നാണ് വരുന്നതെന്ന് ഒടുവിൽ നാസ കണ്ടെത്തിയിരിക്കുകയാണ്. ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ ഒരു സ്പീക്കറിൽ നിന്ന് പുറപ്പെട്ട ശബ്‌ദമായിരുന്നു ഇതെന്നും അറിയിച്ചു. നിലവിൽ ബുച്ചും, സുനിത വില്യംസും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. ഇവർ യാത്ര ചെയ്തിരുന്ന സ്റ്റാർലൈൻറിൽ തകരാർ കണ്ടെത്തിയിരുന്നതിനാൽ മടക്കയാത്ര വൈകിയിരുന്നു.
ബഹിരാകാശ നിലയത്തിനും സ്റ്റാർലൈനറിനും ഇടയിലുള്ള ഓഡിയോ കോൺഫിഗറേഷൻ പ്രശ്നത്തിൻ്റെ ഫലമാണ് അസാധാരണമായ ശബ്ദങ്ങളെന്ന് നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം വിശദീകരിച്ചു. ഒന്നിലധികം ബഹിരാകാശവാഹനങ്ങളും മൊഡ്യൂളുകളും പരസ്പരം ബന്ധിപ്പിക്കുന്ന ഐഎസ്എസ് ഓഡിയോ സിസ്റ്റത്തിൻ്റെ സങ്കീർണ്ണമായ സ്വഭാവം കാരണം ഇത്തരം സംഭവങ്ങൾ അസാധാരണമല്ലെന്ന് ഏജൻസി പറഞ്ഞു. സ്റ്റാർലൈനറിനോ സ്റ്റേഷൻ പ്രവർത്തനങ്ങൾക്കോ സാങ്കേതിക ഭീഷണിയൊന്നും ഇത് ഉയർത്തുന്നില്ലെന്ന് നാസ ഉറപ്പുനൽകി.
ഈ വർഷം ജൂൺ മാസത്തിലാണ് സുനിതയും ബുച്ചും നാസയുടെ ബോയിങ് സ്റ്റാർലയിനെർ ക്യാപ്സ്യൂളിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തത്. ബഹിരാകാശ നിലയത്തിലേക്ക്, സുരക്ഷിതമായി യാത്രക്കാരെ എത്തിക്കുകയും, തിരികെ കൊണ്ടുവരുകയും ചെയാൻ പ്രാപ്തമാണെന്ന് ഉറപ്പ് വരുത്താനുള്ള ബോയിംഗ് സ്റ്റാർലൈനറിന്റെ ദൗത്യത്തിനിടയിലാണ് ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയത്. തുടർച്ചയായി പ്രതിസന്ധികൾ നേരിട്ട ഈ ദൗത്യത്തിന്റെ വിക്ഷേപണവും 2 തവണ മാറ്റേണ്ടി വന്നിരുന്നു. ഒരു പക്ഷേ വിജയകരമായി ഈ ദൗത്യം പൂർത്തിയാക്കിയിരുന്നെങ്കിൽ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന്റെ ബഹിരാകാശ യാത്ര ദൗത്യത്തിന്റെ ഭാഗമാകാൻ ബോയിങ്ങിന് സാധിക്കുമായിരുന്നു. എന്നാൽ തുടർച്ചയായ യാന്ത്രിക പ്രശ്നങ്ങൾ മൂലം ആ സാധ്യത ഇനി കാണാനിടയില്ല.
ഇത്രയേറെ പ്രശ്നങ്ങൾ യന്ത്രത്തിൽ റിപ്പോർട്ട് ചെയ്‌തതിനാൽ ഇരുവരെയും തിരികെ കൊണ്ടുവരുകയെന്നത് ഏറെ ദുർഘടമായ ദൗത്യമാണെന്നാണ് നാസ അറിയിച്ചത്. അതിനാൽ ഇതേ ബഹിരാകാശ വാഹനത്തിൽ തിരികെ കൊണ്ടുവരുന്നത് സാധ്യമല്ല. അതുകൊണ്ട് തന്നെ 2025 ഫെബ്രുവരി വരെ എക്‌സ്‌പെഡിഷൻ 71/72 ക്രൂവിൻ്റെ ഭാഗമായി ഇരുവരും ഔദ്യോഗികമായി അവരുടെ ജോലി തുടരും. നിലവിൽ ഇലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ അയക്കാൻ കഴിവുള്ള ഏക അമേരിക്കൻ കമ്പനി. അതുകൊണ്ട് തന്നെ ഇലോൺ മസ്ക്കിന്റെ സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ചാവും മടക്കയാത്ര. എന്തായാലും വിചിത്രമായ ശബ്ദങ്ങളുടെ ഉറവിടം തിരിച്ചറിഞ്ഞതോടെ , ബഹിരാകാശ നിലയത്തിൽ നിന്നുള്ള സ്റ്റാർലൈനറിൻ്റെ ഭൂമിയിലേക്കുള്ള നിർണായകമായ മടക്കയാത്രയിലേക്കാണ് ഇപ്പോൾ ശ്രദ്ധ തിരിയുന്നത്.