അമേരിക്കയിലെ പ്രമുഖ ബജറ്റ് എയർലൈനായ സ്പിരിറ്റ് എയർലൈൻസ് തങ്ങളുടെ ആഗോള പ്രവർത്തനങ്ങൾ അടിയന്തരമായി അവസാനിപ്പിച്ചു. ട്രംപ് ഭരണകൂടത്തിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 500 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് (Bailout) സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ശനിയാഴ്ച പുലർച്ചെ മുതൽ എയർലൈൻ പ്രവർത്തനം നിർത്തിയത്.
ഇതോടെ സ്പിരിറ്റ് എയർലൈൻസിന്റെ മുൻകൂട്ടി ബുക്ക് ചെയ്ത എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇന്ധനവിലയിലെ കുത്തനെയുള്ള വർദ്ധനവും സാമ്പത്തിക പ്രതിസന്ധിയുമാണ് സ്പിരിറ്റ് എയർലൈൻസിനെ തകർച്ചയിലേക്ക് നയിച്ചത്. ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധന വില ഇരട്ടിയായതാണ് എയർലൈനിന് ഏറ്റവുമൊടുവിൽ തിരിച്ചടിയായത്.
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ (Refund) തനിയെ ആരംഭിക്കുമെന്ന് എയർലൈൻ അറിയിച്ചു. എന്നാൽ ട്രാവൽ ഏജന്റുകൾ വഴി ബുക്ക് ചെയ്തവർ ഏജന്റുമായി നേരിട്ട് ബന്ധപ്പെടണം. വൗച്ചറുകൾ, ലോയൽറ്റി പോയിന്റുകൾ എന്നിവ ഉപയോഗിച്ച് ടിക്കറ്റെടുത്തവർക്ക് പണം ലഭിക്കുമോ എന്ന കാര്യത്തിൽ ബാങ്ക്റപ്‌സി കോടതിയുടെ നടപടികൾക്ക് ശേഷമേ തീരുമാനമുണ്ടാകൂ.
യാത്രക്കാർക്ക് ഉണ്ടായേക്കാവുന്ന ഹോട്ടൽ താമസച്ചെലവുകൾക്കോ പകരം വിമാനങ്ങൾക്കോ എയർലൈൻ പണം നൽകില്ല. ഏകദേശം 17,000 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കൻ, യുണൈറ്റഡ് തുടങ്ങിയ മറ്റ് എയർലൈനുകൾ പ്രതിസന്ധിയിലായ സ്പിരിറ്റ് യാത്രക്കാരെ സഹായിക്കാനായി നിരക്കുകളിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.



