ഇറാൻ മുന്നോട്ടുവെച്ച ഏറ്റവും പുതിയ സമാധാന നിർദേശത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് അതൃപ്തി രേഖപ്പെടുത്തി. തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നതെന്നും അതിനാൽ യുദ്ധം ഇപ്പോൾ അവസാനിപ്പിക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വർഷത്തിന് ശേഷം ഇതേ പ്രശ്നം വീണ്ടും ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ്റെ സൈനിക ശേഷി പൂർണ്ണമായും തകർത്തുവെന്ന മുൻപത്തെ അവകാശവാദം ട്രംപ് ആവർത്തിക്കുകയും ചെയ്തു. ഇറാനെ സൈനികമായും സാമ്പത്തികമായും തകർക്കാനുള്ള നീക്കങ്ങൾ തുടരുമെന്നാണ് ട്രംപ് നൽകുന്ന സൂചന.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം സുഗമമാക്കാൻ ‘മാരിടൈം ഫ്രീഡം കൺസ്ട്രക്റ്റ്’ (Maritime Freedom Construct) എന്ന പേരിൽ പുതിയ സംവിധാനം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രഖ്യാപിച്ചു. സെൻ്റ്കോമിൻ്റെ നിയന്ത്രണത്തിലായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക. ഇറാൻ ആവശ്യപ്പെടുന്ന ടോൾ നൽകാൻ തയ്യാറാകാത്ത കപ്പലുകൾക്ക് അമേരിക്കൻ നാവികസേനയുടെ അകമ്പടിയോടെ കടലിടുക്ക് കടക്കാൻ ഇതിലൂടെ സാധിക്കും. എന്നാൽ ഇറാന് ടോൾ നൽകുന്ന കപ്പലുകൾക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസിലെ ഇറാൻ്റെ സാമ്പത്തിക സ്രോതസ്സുകൾ അടയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇറാനിൽ നിന്നുള്ള എണ്ണ ഇടപാടുകളിൽ ഏർപ്പെട്ട ചൈനീസ് കമ്പനികൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ക്വിംഗ്ദാവോ ഹെയേ ഓയിൽ ടെർമിനൽ’ (Qingdao Haiye Oil Terminal Co, Ltd) എന്ന കമ്പനിക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്. ദശലക്ഷക്കണക്കിന് ബാരൽ എണ്ണ ഈ കമ്പനി ഇറാൻ വഴി ഇറക്കുമതി ചെയ്തതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ആരോപിച്ചു. അതേസമയം, അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധങ്ങളെ ഐക്യരാഷ്ട്രസഭയിലെ ചൈനീസ് പ്രതിനിധി ഫു കോങ് ശക്തമായി എതിർത്തു.

വെള്ളിയാഴ്ച ദക്ഷിണ ലബനാനിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ടതായി ലബനീസ് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്റാഈൽ തങ്ങളുടെ ആക്രമണം ശക്തമാക്കുകയാണെന്ന് ലബനൻ പാർലമെൻ്റ് സ്പീക്കർ നബിഹ് ബെറി ആരോപിച്ചു. വ്യാഴാഴ്ച 30-ലധികം പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ആക്രമണം തുടരുന്നത്. ആക്രമണം സിവിലിയൻ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജർമ്മനിയിൽ വിന്യസിച്ചിരുന്ന 5,000 അമേരിക്കൻ സൈനികരെ പിൻവലിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉത്തരവിട്ടു. ഇറാൻ യുദ്ധത്തിൽ ജർമ്മനി കാണിക്കുന്ന നിസ്സംഗതയ്ക്കുള്ള തിരിച്ചടിയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസിനെതിരെ രൂക്ഷമായ വിമർശനമാണ് ട്രംപ് നടത്തിയത്. സ്വന്തം രാജ്യത്തെ കുടിയേറ്റ, ഊർജ്ജ പ്രശ്നങ്ങൾ പരിഹരിക്കാനും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുമാണ് മെർസ് ശ്രദ്ധിക്കേണ്ടതെന്ന് ട്രംപ് പരിഹസിച്ചു.