രോഗങ്ങൾ ഇല്ലാത്ത ഒരു ലോകം സ്വപ്നം കാണുന്ന മനുഷ്യരാശിക്ക് വലിയൊരു പ്രതീക്ഷ നൽകുകയാണ് ഓസ്‌ട്രേലിയ. ഗർഭാശയ ഗള കാൻസറിനെ (Cervical Cancer) പൂർണ്ണമായും തുടച്ചുനീക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാനുള്ള തയ്യാറെടുപ്പിലാണ് ഇവിടം. മാരകമായ ഈ രോഗത്തിൻ്റെ വേദന നേരിട്ട് അനുഭവിച്ച ക്രിസി വാൾട്ടേഴ്‌സിനെപ്പോലുള്ള ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കാൻ ഈ നീക്കം സഹായിക്കും.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തൻ്റെ ആദ്യ കൺമണിക്ക് ജന്മം നൽകി ആറ് മാസത്തിനകമാണ് ക്രിസി വാൾട്ടേഴ്‌സിന് ഗർഭാശയ ഗള കാൻസർ സ്ഥിരീകരിക്കുന്നത്. രോഗം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ തൻ്റെ രോഗാവസ്ഥ ഗുരുതരമാണെന്നും മകൾക്ക് അമ്മയെ നഷ്ടമാകുമെന്നും ഡോക്ടർമാർ വിധിയെഴുതി. എന്നാൽ 2026-ൽ ക്രിസിയുടെ 12 വയസ്സുകാരിയായ മകൾ, ഈ കാൻസറിനെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പ് രാജ്യത്തിൻ്റെ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കുമ്പോൾ ഒരു തലമുറയെത്തന്നെ ഈ രോഗത്തിൽ നിന്ന് രക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ.
കുട്ടികളിലെ വാക്സിനേഷൻ, കൃത്യമായ സ്ക്രീനിംഗ് എന്നീ രണ്ട് പ്രധാന മാർഗങ്ങളിലൂടെയാണ് കാൻസറിനെ തുരത്താൻ ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. സ്‌കൂൾ വിദ്യാർഥികൾക്ക് നൽകുന്ന ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ കാണപ്പെടുന്ന നാലാമത്തെ പ്രധാന കാൻസറായ ഗർഭാശയ ഗള കാൻസറിനെ തടയാൻ വാക്സിനിലൂടെ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2006-ൽ യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലാൻഡിലെ ലബോറട്ടറിയിൽ ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഗാർഡാസിൽ (Gardasil) എന്ന വാക്സിൻ ഇതിൽ നിർണയകം പങ്കുവഹിച്ചു. പ്രൊഫ. ഇയാൻ ഫ്രേസർ, ഡോ. ജിയാൻ ഷൗ എന്നിവർ ചേർന്നാണ് ഈ പ്രതിരോധ മരുന്ന് വികസിപ്പിച്ചത്. 2007-ൽ ഓസ്‌ട്രേലിയ ഈ കുത്തിവെപ്പ് പരിപാടി ദേശീയ തലത്തിൽ നടപ്പിലാക്കുന്ന ആദ്യ രാജ്യമായി മാറി. 2013 മുതൽ ഈ പദ്ധതിയിൽ ആൺകുട്ടികളെയും ഉൾപ്പെടുത്തി വിപുലീകരിച്ചു.
ശാസ്ത്രീയമായി ഒരു കാൻസറിനെ തുടച്ചുനീക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത് ഒരു ലക്ഷം പേരിൽ നാലിൽ താഴെ കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുക എന്നതാണ്. നിലവിൽ ഓസ്‌ട്രേലിയയിൽ ഒരു ലക്ഷം പേരിൽ 6.3 കേസുകൾ മാത്രമാണുള്ളത്. 2035-ഓടെ ലക്ഷ്യം കൈവരിക്കാമെന്നാണ് കണക്കാക്കുന്നതെങ്കിലും അതിന് മുൻപേ തന്നെ ഈ നേട്ടം സ്വന്തമാക്കാൻ രാജ്യത്തിന് കഴിഞ്ഞേക്കുമെന്ന് പ്രൊഫ. കാരെൻ കാൻഫെൽ പറയുന്നു. 1982-ന് ശേഷം രാജ്യത്തെ ഗർഭാശയ ഗള കാൻസർ മരണനിരക്കും രോഗബാധയും പകുതിയായി കുറഞ്ഞത് ശുഭസൂചനയാണെന്ന് ഇത് സംബന്ധിച്ച് ബിബിസി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പരിശോധനാ രീതികളിൽ 2017-ൽ വരുത്തിയ മാറ്റങ്ങൾ ഈ മുന്നേറ്റത്തിന് ആക്കം കൂട്ടി. സാധാരണ പാപ് സ്മിയർ (Pap smear) പരിശോധനയ്ക്ക് പകരം കൂടുതൽ കൃത്യതയുള്ള എച്ച്പിവി അടിസ്ഥാനമാക്കിയുള്ള സ്ക്രീനിംഗ് രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. സ്ത്രീകൾക്ക് സ്വയം സാംപിൾ ശേഖരിക്കാനുള്ള സൗകര്യം ഒരുക്കിയത് ആരോഗ്യരംഗത്തെ വലിയൊരു വിപ്ലവമായാണ് സർക്കാർ വിശേഷിപ്പിക്കുന്നത്.
നേട്ടങ്ങൾക്കിടയിലും ചില വെല്ലുവിളികൾ ഓസ്‌ട്രേലിയ നേരിടുന്നുണ്ട്. തദ്ദേശീയരായ ആദിവാസി വിഭാഗങ്ങൾക്കിടയിലെ (Aboriginal and Torres Strait Islanders) മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മൂന്ന് മടങ്ങ് കൂടുതലാണെന്ന് ഡോ. നതാലി സ്ട്രോബൽ ചൂണ്ടിക്കാട്ടുന്നു. ഇവർക്കിടയിൽ രോഗനിർണ്ണയം വൈകുന്നതാണ് പ്രധാന പ്രശ്നം. ഈ വിഭാഗത്തിൽ രോഗം തുടച്ചുനീക്കാൻ 2035-ന് ശേഷം 12 വർഷം കൂടി എടുത്തേക്കുമെന്നാണ് ജോസെലിൻ ജോൺസിനെപ്പോലുള്ള ഗവേഷകർ അഭിപ്രായപ്പെടുന്നത്.
ആഗോളതലത്തിൽ സ്വീഡൻ, റുവാണ്ട (2027), യുണൈറ്റഡ് കിംഗ്ഡം (2040) എന്നീ രാജ്യങ്ങളും ഈ ലക്ഷ്യത്തിനായി മത്സരിക്കുന്നുണ്ട്. എന്നാൽ വികസ്വര രാജ്യങ്ങളിലെ സഹായങ്ങൾ അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് നിർത്തലാക്കിയത് ആഗോള പോരാട്ടത്തിന് തിരിച്ചടിയായേക്കാം. 2025 മാർച്ചിൽ വാക്സിൻ സഖ്യമായ ഗാവിക്ക് (Gavi) നൽകിയിരുന്ന പിന്തുണ ട്രംപ് അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



