നീന്തൽക്കുളത്തിൽ 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇൻസ്റ്റാഗ്രാമിൽ അനാവശ്യ സന്ദേശങ്ങൾ അയക്കുകയും ചെയ്ത കേസിൽ പ്രമേന്ദർ എന്ന 25 വയസ്സുള്ള ഇന്ത്യൻ വിനോദസഞ്ചാരിക്ക് മൂന്നുമാസം തടവ് ശിക്ഷ വിധിച്ചു. പ്രതി പ്രമേന്ദർ, ഒരു കുട്ടിയെ ഉപയോഗിച്ച് മോശം പ്രവൃത്തി ചെയ്യാൻ ശ്രമിച്ചതിനും, 14 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കുറ്റം സമ്മതിച്ചതായി ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്തു. അതിക്രമിച്ചു കടന്നെന്ന മറ്റൊരു കുറ്റം ശിക്ഷ വിധിക്കുന്നതിനായി കോടതി പരിഗണിച്ചു.

മാർച്ച് 31ന്, കുടുംബത്തോടൊപ്പം ജലാൻ ബെസാർ നീന്തൽക്കുളത്തിൽ എത്തിയ പെൺകുട്ടിയെ ടോയ്‌ലറ്റിലേക്ക് പിന്തുടർന്നതിനാണ് പ്രമേന്ദറിനെതിരെ കേസെടുത്തത്. അവിടെവെച്ച് പ്രതി പെൺകുട്ടിയുടെ ഫോൺ കൈക്കലാക്കുകയും, അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സ്വന്തം അക്കൗണ്ട് പിന്തുടരാൻ ഉപയോഗിക്കുകയും ചെയ്തു. പിന്നീട് ഇയാൾ ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിക്ക് 13 അനാവശ്യ സന്ദേശങ്ങൾ അയച്ചു. സന്ദേശങ്ങൾ കണ്ട് ഭയന്ന പെൺകുട്ടി ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡിനോട് സംഭവം വിശദീകരിച്ചു. തുടർന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയും, ഏപ്രിൽ 2ന് പ്രമേന്ദറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വെള്ളിയാഴ്ച കോടതിയിൽ നടന്ന വിചാരണയിൽ, ഇരയായ 12കാരി ചെറുപ്പവും ദുർബലയുമായിരുന്നുവെന്നും പ്രതി അവളെ ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ആഷ്‌ലി ചിൻ വാദിച്ചു. പ്രതിയിൽ നിന്ന് പെൺകുട്ടിയെ സംരക്ഷിക്കാൻ അവളുടെ ബന്ധുക്കൾ അടുത്തുണ്ടായിരുന്നില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമായിരുന്നുവെന്ന് ജില്ലാ ജഡ്ജി ചായ് യുവാൻ ഫാറ്റ് വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി.

സിംഗപ്പൂർ നിയമമനുസരിച്ച്, 16 വയസ്സിന് താഴെയുള്ള ഒരു കുട്ടിയോട് മോശമായി പെരുമാറാൻ ശ്രമിച്ചാൽ ഏഴ് വർഷം വരെ തടവോ, 10,000 സിംഗപ്പൂർ ഡോളർ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. 14 വയസ്സിന് താഴെയുള്ള കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പ്രമേന്ദറിന് അഞ്ച് വർഷം വരെ തടവോ, പിഴയോ, ചൂരൽ പ്രയോഗമോ, അല്ലെങ്കിൽ ഈ മൂന്ന് ശിക്ഷകളും ഒരുമിച്ചോ ലഭിക്കാൻ സാധ്യതയുണ്ട്. ഈ കേസിൽ മൂന്നുമാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.