കീവ്: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിർദേശം മുന്നോട്ട് വെച്ച് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി. എല്ലാ യുക്രൈൻ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും സമാനമായ രീതിയിൽ തടവുകാരെ മോചിപ്പിക്കാൻ യുക്രൈൻ തയ്യാണെന്നും സെലെൻസ്കി പറഞ്ഞു. റഷ്യൻ അധിനിവേശത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കീവിൽ നടന്ന ഒരു ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സെലെൻസ്കി.
റഷ്യ യുക്രൈൻകാരെ മോചിപ്പിക്കണം. എല്ലാവർക്കും വേണ്ടി എല്ലാവരേയും കൈമാറാൻ യുക്രൈൻ തയ്യാറാണ്. ഒരു തുടക്കത്തിനുള്ള ശരിയായ മാർഗമാണിത്. – സെലെൻസ്കിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ മാധ്യമമായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഈ വർഷം യുക്രൈന്റെ യഥാർഥവും സുസ്ഥിരവുമായ സമാധാനത്തിന്റെ തുടക്കമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, റഷ്യയുടെ അധിനിവേശത്തിന്റെ മൂന്നാം വാർഷികത്തിൽ ഐക്യദാർഢ്യ പ്രകടനത്തിനായി യൂറോപ്യൻ യൂണിയൻ നേതാക്കൾ കീവിൽ എത്തിയപ്പോൾ തന്റെ രാജ്യത്തിന്റെ പ്രതിരോധത്തെയും ചെറുത്തുനിൽപ്പിനേയും സെലെൻസ്കി പ്രശംസിച്ചിരുന്നു.
അതേസമയം, ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ സമാധാന ഒത്തുതീർപ്പ് തങ്ങൾക്കുകൂടി ബോധ്യമായാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂയെന്നും റഷ്യ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായി ചേർന്ന് യുക്രൈൻ സംഘർഷം പരിഹരിക്കാൻ തങ്ങൾ ശ്രമിക്കുമ്പോൾ യുദ്ധം തുടരാനാണ് യുറോപ്പ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ആരോപിച്ചു.



