ഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളില്‍ പങ്കാളിത്തം ഉണ്ടെന്ന ഹിൻഡൻബർഗിന്റെ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധവി പുരി ബുച്ച്. തന്റെയും ഭർത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണെന്നും ഏത് ഏജൻസിക്കും ഇത് സംബന്ധിച്ച രേഖകൾ നൽകാൻ തയ്യാറാണെന്നും മാധവി ബുച്ച് പ്രതികരിച്ചു. ഇന്നലെയാണ് കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സെബിയെയും വെട്ടിലാക്കി ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്ത് വരുന്നത്.

സെബി ചെയർപേഴ്‌സണ് അദാനിയുമായി രഹസ്യ കൂട്ടുകെട്ടുണ്ടെന്നും ഇതാണ് അദാനിക്കെതിരായ സെബിയുടെ അന്വേഷണം വഴിമുട്ടാൻ കാരണമെന്നും ഹിൻഡൻബ‍​ർ​ഗ് ആരോപിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളിലാണ് സെബി ചെയർപേഴ്സൻ മാധവി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് സെബി ആരോപിക്കുന്നത്.