കോട്ടയം: കോട്ടയം നഗരസഭയിൽ നിന്ന് കോടികൾ തട്ടിയ മുൻ ജീവനക്കാരൻ അഖിൽ, നിലവിൽ ജോലി ചെയ്യുന്ന വൈക്കം നഗരസഭയിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധന. അഖിലിനുള്ള അന്വേഷണം മൂന്നാം ദിവസവും തുടരുകയാണ്. കോട്ടയം നഗരസഭയിൽ നിന്നും പത്ത് മാസം മുമ്പാണ് അഖിൽ വൈക്കം നഗരസഭാ കാര്യാലയത്തിൽ ക്ലർക്കായി എത്തിയത്.
കോട്ടയം നഗരസഭയിൽ നിന്നും പെൻഷൻ വിതരണത്തിന്റെ മറവിൽ മൂന്ന് കോടിയിലധികം രൂപ തട്ടിയിട്ടുള്ള അഖിൽ വൈക്കം നഗരസഭയിൽ നിന്നും സാമ്പത്തിക തിരിമറി നടത്തിയോ എന്നാണ് പരിശോധിക്കുക. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകിയിരുന്നു. പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയിട്ടില്ലെങ്കിലും അഖിലിന്റെ പ്രവർത്തനത്തിൽ സംശയം ശക്തമാണ്.
ഓഫീസിൽ ആരോടും അഖിൽ അധികം അടുപ്പം കാണിക്കാറില്ലെന്നാണ് വിവരം. ചങ്ങനാശേരിയിലേക്ക് സ്ഥലം മാറ്റത്തിനും ഇയാൾ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. അഖിൽ കൈകാര്യം ചെയ്തിരുന്ന ക്ഷേമ പെൻഷൻ, കാഷ്യർ വിഭാഗങ്ങളിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം ഇതുവരെ അഖിലിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാളുടെ കൊല്ലത്തെ വീട് കേന്ദ്രീകരിച്ച് അടക്കം അന്വേഷണം പുരോഗമിക്കുകയാണ്.
നിലവില്‍ അഖില്‍ സസ്പെൻഷനിലാണ്. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ അപാകതകൾ ബോധ്യപ്പെട്ടതോടെയാണ് നടപടി എടുത്തത്.
കോട്ടയം വെസ്റ്റ് എസ്എച്ച്ഒ പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിച്ച് വരികയാണ്. പണമിടപാട് രേഖകൾ അടക്കമുള്ളവ വിശദമായി തന്നെ പരിശോധിക്കും. നേരത്തെയും ഇയാൾ സാമ്പത്തിക തിരിമറി കേസിൽ നടപടി നേരിട്ടിട്ടുണ്ടെന്നാണ് വിവരം.