മ്യാന്‍മറില്‍ 1,000 ത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഭൂകമ്പത്തിന് ഒരു ദിവസത്തിന് ശേഷം, ശനിയാഴ്ച 5.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം രാജ്യത്ത് അനുഭവപ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.

മ്യാന്‍മറിന്റെ തലസ്ഥാനമായ നേപിഡോയ്ക്ക് സമീപം ഉച്ചയ്ക്ക് 2.50 ഓടെ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ ഭൂകമ്പം ബാധിച്ച അതേ പ്രദേശത്ത് ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ആളപായമോ വ്യക്തമല്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി, ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയെല്ലാം തകരാറിലാണ്. തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കെയാണ് നേപിഡോയില്‍ വീണ്ടും ഭൂകമ്പം ഉണ്ടായത്.

വെള്ളിയാഴ്ച ഉച്ചക്ക് 12.50 ഓടെയാണ് 7.7 തീവ്രത വരുന്ന വന്‍ ഭൂചലനം മ്യാന്‍മറിനെ പിടിച്ചു കുലുക്കിയത്. തുടര്‍ന്ന് 11 മിനിറ്റിനുശേഷം 6.4 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനം ഉണ്ടായി. ഇത് വന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. കെട്ടിടങ്ങള്‍, പാലങ്ങള്‍, ചരിത്രപരമായ ഘടനകള്‍, റോഡുകള്‍, മറ്റ് പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു, ഏകദേശം 1.5 ദശലക്ഷം ആളുകള്‍ താമസിക്കുന്ന മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലാ, നാശത്തിന്റെ പ്രഭവകേന്ദ്രമായി ഉയര്‍ന്നുവന്നു. ഔദ്യോഗിക കണക്കനുസരിച്ച് 1644 ആളുകള്‍ മരിച്ചു. മരണസംഖ്യ 10000 കടക്കമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.