ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനത്തില്‍ ആശംസ അറിയിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ലക്ഷ്യത്തോടെ വികസിത ഭാരതിനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇത് നേതാജിക്കുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ രാജ്യം മുഴുവന്‍ ആദരവോടെ സ്മരിക്കുകയാണെന്ന് മോദി പറഞ്ഞു. ഈ വര്‍ഷത്തെ പരാക്രം ദിവസിന്റെ മഹത്തായ ആഘോഷങ്ങള്‍ ഒഡീഷയിലെ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഡീഷയിലെ ജനങ്ങളെയും സര്‍ക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു.
നേതാജിയുടെ ജീവിത പാരമ്പര്യത്തെ അടിസ്ഥാനമാക്കി ഒഡീഷയിലെ കട്ടക്കില്‍ ഒരു വലിയ പ്രദര്‍ശനം നടന്നതായി പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നിരവധി കലാകാരന്മാര്‍ ക്യാന്‍വാസില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. വികസിത ഭാരതം എനന്ന ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍ സുഭാഷിന്റെ ജീവിത പാരമ്പര്യം നമ്മെ നിരന്തരം പ്രചോദിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
സുഭാഷ് ചന്ദ്ര ബോസിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ആസാദ് ഹിന്ദ് ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പന്നമായ ഒരു കുടുംബത്തിലാണ് നേതാജി ജനിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷ പാസായതിനാല്‍ അദ്ദേഹത്തിന് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാകാനും സുഖകരമായ ജീവിതം നയിക്കാനും കഴിയുമായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
എന്നാല്‍ സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തില്‍ നേതാജി തിരഞ്ഞെടുത്തത് ബുദ്ധിമുട്ടുകളുടെയും വെല്ലുവിളികളുടെയും പാതയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കംഫര്‍ട്ട് സോണിന്റെ സുഖസൗകര്യങ്ങളാല്‍ നേതാജി ബന്ധിക്കപ്പെട്ടിരുന്നില്ല എന്നും നമ്മളും കംഫര്‍ട്ട് സോണില്‍ നിന്ന് മറികടന്ന് വികസിത ഭാരതം കെട്ടിപ്പടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നേതാജി രൂപീകരിച്ചത് ആസാദ് ഹിന്ദ് ഫൗജ് ആണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.