മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തിരുവനന്തപുരത്ത് വി.എസിന്റെ വസതിയിലെത്തിയായിരുന്നു സന്ദർശനം. തന്റെ കോളേജ് പഠനകാലം മുതൽ വി.എസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ​ഗവർണർ സന്ദർശനശേഷം മാധ്യമങ്ങളോട് പറഞ്ഞു.

‘ഗവർണറായി എത്തിയപ്പോൾ അദ്ദേഹത്തെ നിർബന്ധമായും കാണണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ഭാ​ഗ്യവശാൽ അദ്ദേഹത്തേയും കുടുംബത്തേയും കാണാനും സംസാരിക്കാനും സാധിച്ചു. ഭാ​ഗ്യവശാൽ അദ്ദേഹത്തേയും കുടുംബത്തേയും കാണാനും സംസാരിക്കാനും സാധിച്ചു. അനാരോ​ഗ്യംകൊണ്ട് വി.എസിന് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹവുമായി ആശയവിനിയം നടത്താനായി. അദ്ദേഹം ആരോ​ഗ്യവാനായിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു’, ആർലേക്കർ കൂട്ടിച്ചേർത്തു.

യു.ജി.സി ബില്ലിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ഗവർണർ നിലപാട് വ്യക്തമാക്കി. കരട് നയമാണ് ഇപ്പോൾ പുറത്തുവന്നതെന്ന് പറഞ്ഞ അദ്ദേഹം, ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ചർച്ചകൾക്കുള്ള ഇടമുണ്ടെന്നും വ്യക്തമാക്കി.