ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി കൊളംബോയിലെ ബുദ്ധക്ഷേത്രത്തിൽ സന്യാസിമാർ പ്രത്യേക പ്രാർഥന നടത്തി. പൂജയ്ക്കും പ്രാർഥനയ്ക്കുമിടയിൽ സന്യാസിമാർ ബുദ്ധന്റെ പ്രതിമയ്ക്ക് മുന്നിൽ കുമ്പിട്ട് അനുഗ്രഹം ചോദിക്കുകയും പൂക്കൾ, ഭക്ഷണം, വെള്ളം, മറ്റ് വഴിപാടുകൾ എന്നിവ സമർപ്പിക്കുകയും ചെയ്തു.
കൊളംബോയിലെ മഹാബോധി ബുദ്ധസമൂഹത്തിന്റെ അഗ്രശ്രാവക ക്ഷേത്രത്തിൽ ദിവസങ്ങൾക്കുമുമ്പ് നടന്ന ചടങ്ങിൽ ശ്രീലങ്കയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ കമ്മ്യൂണിക്കേഷൻസ് ഓഫീസ് മേധാവി ഫാദർ ജൂഡ് കൃശാന്ത ഫെർണാണ്ടോയും മറ്റ് രണ്ട് കത്തോലിക്കരും പങ്കെടുത്തു. സന്യാസിമാർ, ബുദ്ധന് പൂക്കളും പാനീയങ്ങളും അർപ്പിച്ചു. ബുദ്ധരുടെ വിശ്വാസഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ പാരായണം ചെയ്തു. ഫ്രാൻസിസ് മാർപാപ്പ ഈ മഠം സന്ദർശിക്കുന്ന ഒരു ചിത്രം അവരുടെ മുൻപിൽ ഉണ്ടായിരുന്നുവെന്ന് ഫാദർ ക്രിശാന്ത ഫെർണാണ്ടോ നൽകിയ അഭിമുഖത്തിൽ പറയുന്നു.
“ബുദ്ധമത സന്യാസിമാരും വിശ്വാസികളും മാർപാപ്പയ്ക്കുവേണ്ടി ധ്യാനിക്കാനും പ്രാർഥിക്കാനും ഒത്തുകൂടി. വളരെ ഹൃദയസ്പർശിയായ നിമിഷമായിരുന്നു അത്. 2015 ലെ ശ്രീലങ്കൻ സന്ദർശനവേളയിൽ മാർപാപ്പ സന്ദർശിച്ച ക്ഷേത്രമായിരുന്നു അത്. ഞങ്ങളുടെ ബുദ്ധമത സുഹൃത്തുക്കളുടെ ഈ പ്രവർത്തി ഞങ്ങളെ വളരെയധികം സ്പർശിച്ചു”- കത്തോലിക്കാ പുരോഹിതൻ പറയുന്നു.



