മൊസാംബിക്കിലെ ബെയ്റ അതിരൂപതയിലെ പരിശീലനകേന്ദ്രത്തിൽ ഫെബ്രുവരി 23 ഞായറാഴ്ച നടന്ന ആക്രമണത്തിൽ രണ്ട് പുരോഹിതർക്കും ഒരു വൈദികാർഥിക്കും പരിക്കേറ്റു. പുലർച്ചെ പിസ്റ്റളുകളും വടിവാളുകളും ഇരുമ്പുകമ്പികളുമായി ഒരു സംഘം ആളുകൾ സ്ഥാപനത്തിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന മൂന്ന് മിഷനറിമാരെ ആക്രമിക്കുകയായിരുന്നു. മൊസാംബിക്കിലെ റിലീജിയസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കോൺഫറൻസ് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ചർച്ച് ഇൻ നീഡിനെ (എ സി എൻ) അറിയിച്ചു.
ആക്രമണത്തെ തുടർന്ന്, ബിഷപ്സ് കോൺഫറൻസ് മൊസാംബിക്കിലെ അരക്ഷിതാവസ്ഥയിൽ ആശങ്ക പ്രകടിപ്പിക്കുകയും രാജ്യത്ത് സമാധാനത്തിനായി പ്രാർഥിക്കുകയും ചെയ്തു. മൊസാംബിക്കിലെ ബെയ്റ അതിരൂപതയ്ക്കായി വിവിധ പരിശീലന കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തിനുള്ളിൽ രണ്ട് വൈദികരെയും വൈദികാർഥിയെയും കൊള്ളക്കാർ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് എ സി എൻ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, മൂന്നുപേരും അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇരകളിൽ ഒരാളായ ഫാ. തിമോത്തി ബയോനോ ബുർക്കിന ഫാസോയിൽ നിന്നുള്ള വൈദികനാണ്. നിലവിൽ ബെയ്റ അതിരൂപതയുടെ സമർപ്പിതജീവിതത്തിന്റെ എപ്പിസ്കോപ്പൽ വികാരിയാണ്. നസറെ പരിശീലനകേന്ദ്രത്തിന്റെ ചുമതലയും അദ്ദേഹം വഹിക്കുന്നു. മൊസാംബിക്കിൽ അൽ ഷഹാബ് തീവ്രവാദികളുടെ ആക്രമണം തുടരുകയാണ്. പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള കാബോ ഡെൽഗാഡോ പ്രവിശ്യയിൽ ആക്രമണം രൂക്ഷമാണ്. ഫെബ്രുവരി 25 ലെ റിപ്പോർട്ടിൽ, കവർച്ചാസംഭവം സുരക്ഷാ ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തതെന്ന് ഇരകളിലൊരാൾ പറഞ്ഞതായി എ സി എൻ ഉദ്ധരിക്കുന്നു.



