പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് തുടങ്ങി. കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ എത്തി. ആദ്യ റൗണ്ട് വോട്ടെടുപ്പ് ഉടൻ നടക്കും. ഫലം പത്തരയോടെ പുറത്തുവരും. വോട്ടവകാശമുള്ളവരിൽ 133 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ ഇടയനാകും.
വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. ഇന്ത്യൻ സമയം 7.45ന് കർദിനാൾമാർ പോളീൻ ചാപ്പലിനു മുന്നിൽ സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിയും പരിശുദ്ധാരൂപിയുടെ വരവിനായുള്ള പ്രാർഥനാഗാനം ആലപിച്ചുമാണു സിസ്റ്റീൻ ചാപ്പലിലേക്കു നീങ്ങുന്നത്.
കർദിനാൾമാർ ബൈബിളിൽ തൊട്ടു സത്യംചെയ്ത ശേഷമാണു വോട്ടെടുപ്പ്. ഇന്ന് ഒരു തവണയേ വോട്ടെടുക്കൂ. അതിൽ പാപ്പ തിരഞ്ഞെടുക്കപ്പെടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പകരം, ആരൊക്കെയാണു പരിഗണിക്കപ്പെടുന്നതെന്ന സൂചന കോൺക്ലേവ് അംഗങ്ങൾക്കു ലഭിക്കാം. നാളെ മുതൽ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും 2 വീതം ആകെ 4 തവണ വോട്ടെടുപ്പുണ്ടാകും. 2013 ൽ, രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

ഇത്തവണ തിരഞ്ഞെടുപ്പു നീളുമെന്നു പ്രവചിക്കുന്നവർ പല കാരണങ്ങൾ സൂചിപ്പിക്കുന്നു. ആദ്യമായാണ് 120ൽ ഏറെപ്പേർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്; എണ്ണത്തിലെ വർധന ഒരാൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നതു നീണ്ടുപോകാൻ കാരണമാകാം. ഫ്രാൻസിസ് പാപ്പയുടെ കാലത്തുതന്നെ സഭയുടെ നിലപാടുകളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിന്റെ തുടർച്ചയെന്നോണം, പുതിയ പാപ്പ എത്തരത്തിലുള്ള വ്യക്തിയാകണം എന്നതിൽ ശക്തമായ കാഴ്ചപ്പാടുകൾ കർദിനാൾമാർക്കുണ്ട്. പലരും ഒത്തുതീർപ്പുകൾക്കു തയാറാകണമെന്നില്ല.
എന്നാൽ, കോൺക്ലേവ് നീണ്ടുപോകുന്നത് സഭയിൽ ഭിന്നതയെന്ന പ്രതീതി സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ 3 ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള ശ്രമം ഉണ്ടാകുമെന്നും വിലയിരുത്തുന്നവരുമുണ്ട്.
പട്ടികയും സാധ്യതയും
‘മാർപാപ്പയായി കോൺക്ലേവിൽ പ്രവേശിക്കുന്നയാൾ കർദിനാളായി തിരികെയിറങ്ങും’ എന്നാണു പറയാറുള്ളത്. സാധ്യതപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ പ്രയോഗം. ഇത്തവണയും പല സാധ്യതപ്പട്ടികകളുണ്ട്. എന്നാൽ, ഇവയിലൊന്നും ഉൾപ്പെടാത്തയാൾ ഭൂരിപക്ഷം നേടുമെന്നു പ്രതീക്ഷിക്കുന്നവർ ഏറെയാണ്.
കോൺക്ലേവിനു മുന്നോടിയായി കർദിനാൾമാർ 12 തവണ യോഗം ചേർന്നിരുന്നു. സാധ്യതപ്പട്ടികയിലുള്ളവർ അടക്കമുള്ള കർദിനാൾമാർ യോഗങ്ങളിൽ നിലപാടു വ്യക്തമാക്കി.



