ഇറാനുമായുള്ള പുതിയ കരാർ ഉടൻ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച വൈകിട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്, കരാർ ചിലപ്പോൾ നടന്നേക്കില്ലെന്നും എന്നാൽ ഏതു നിമിഷവും അത് സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞത്. തന്നേക്കാൾ കൂടുതൽ ഇറാനാണ് ഇപ്പോൾ ഒരു കരാറിന് ആഗ്രഹിക്കുന്നതെന്ന് താൻ വിശ്വസിക്കുന്നതായി ലിങ്കൺ മെമ്മോറിയൽ റിഫ്ലക്റ്റിംഗ് പൂൾ സന്ദർശനത്തിനിടെ അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം, യുഎസ് നേവി ഡിസ്ട്രോയറുകൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.”അവർ ഇന്ന് ഞങ്ങളെ ചൊടിപ്പിച്ചു, ഞങ്ങൾ അവരെ തകർത്തെറിഞ്ഞു. ഇങ്ങനെയൊന്ന് അവർ ചെയ്യാൻ പാടില്ലായിരുന്നു,” ട്രംപ് പറഞ്ഞു. നിലവിൽ വെടിനിർത്തൽ അവസാനിച്ചിട്ടില്ലെന്നും എന്നാൽ ഇറാൻ പ്രകോപനം തുടരുകയാണെങ്കിൽ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “വെടിനിർത്തൽ ലംഘിക്കപ്പെട്ടാൽ അത് നിങ്ങൾ പ്രത്യേകം അന്വേഷിച്ചു അറിയേണ്ടി വരില്ല. ഇറാനിൽ നിന്ന് ഉയരുന്ന വലിയൊരു അഗ്നിജ്വാല മാത്രം നോക്കിയാൽ മതി,” എന്നായിരുന്നു ട്രംപിൻ്റെ താക്കീത്.