ന്യൂഡല്‍ഹി: കെ സി വേണുഗോപാലിനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിന്തുണ ഉൾപ്പെടെ വ്യക്തമാക്കുന്ന ലിസ്റ്റിനെ തള്ളി എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട ചിത്രം യഥാര്‍ത്ഥ രേഖയല്ലെന്ന് മുകുൾ വാസ്നിക് പറഞ്ഞു. നിരീക്ഷകരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും നിരീക്ഷക സംഘാംഗം അജയ് മാക്കനും പ്രതികരിച്ചു. എത്രയും വേഗം പ്രഖ്യാപനം ഉണ്ടാകണം എന്നാണ് നിരീക്ഷകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ അറിയിച്ചത്.

മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടത്. സന്ദീപ് വാര്യര്‍, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി ഒ മോഹനന്‍, ഉഷ വിജയന്‍, അഡ്വ. ടി സിദ്ദിഖ് എന്നിവരുടെ പിന്തുണയും കെ സി വേണുഗോപാലിനാണ്. ഐസി ബാലകൃഷ്ണന്‍ കെസിയെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നുണ്ട്.