ധനുഷുമായുള്ള തർക്കത്തിൽ നയൻതാരയ്ക്ക് പിന്തുണയുമായി നടി പാർവതി. ഇൻസ്റ്റഗ്രാമിലൂടെയാണ് പാർവതി നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിനെതിരേ നയൻതാര രംഗത്തെത്തിയിരുന്നു.

ധനുഷിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ടുള്ള തുറന്ന കത്ത് നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു.

ഇതിനുള്ള മറുപടിയാണ് ഇപ്പോൾ നയൻതാര നൽകിയിരിക്കുന്നത്. വെറും മൂന്ന് സെക്കൻഡ് ദൃശ്യം ഉപയോ​ഗിച്ചതിനാണ് ധനുഷ് 10 കോടിയുടെ നോട്ടീസ് അയച്ചതെന്നും അദ്ദേഹത്തിന് തന്നോടും വിഘ്നേഷിനോടും പകയാണെന്നും നയൻതാര തുറന്നടിച്ചു. ഭരത് ബാല സംവിധാനം ചെയ്ത തമിഴ് ചിത്രം മാരിയാനിൽ ധനുഷും പാർവതിയും ഒന്നിച്ചഭിനയിച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ വിക്രം ചിത്രം തങ്കലാനിലും പാർവ്വതി പ്രധാന വേഷത്തിൽ എത്തിയിരുന്നു.