ആഫ്രിക്കൻ രാജ്യങ്ങളില്‍ മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന.

കുട്ടികള്‍ക്കും മുതിർന്നവർക്കും ഇടയില്‍ കേസുകള്‍ സ്ഥിരീകരിക്കുക ചെയ്തു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിർദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ആഫ്രിക്കൻ രാജ്യമായ കോംഗോയില്‍ 450 ല്‍ അധികം ആളുകളാണ് വൈറസ് ബാധിച്ച്‌ മരിച്ചത്.

‘ ഇത് നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ആഫ്രിക്കയ്‌ക്കപ്പുറത്തേക്കും പുറത്തേക്കും കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത വളരെ ആശങ്കാജനകമാണ്…’ – ഡബ്ല്യുഎച്ച്‌ഒ ഡയറക്ടർ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഈ വർഷം ആഫ്രിക്കയില്‍ 14,000-ത്തിലധികം കേസുകളും 524 മരണങ്ങളും ഉണ്ടായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നീ നാല് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളില്‍ അടുത്തിടെ ആദ്യമായി കുരങ്ങുപനി തിരിച്ചറിഞ്ഞതായി. ലോകാരോഗ്യ സംഘടന അറിയിച്ചു.

എന്താണ് മങ്കിപോക്‌സ്?

മനുഷ്യരിലും മറ്റ് മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറല്‍ രോഗമാണ് Mpox (മങ്കിപോക്സ്). ആദ്യം കുമിളകള്‍ ആയിട്ടാകും പ്രകടമാവുക. ചുണങ്ങു, പനി, ലിംഫ് നോഡുകള്‍ വീർക്കുക എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.

1958-ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരില്‍ രോഗബാധ കണ്ടെത്തിയത്.1970 മുതല്‍ 11 ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊല്ലങ്ങളില്‍ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഗങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് കുരങ്ങുപനി ബാധിച്ചത്.