ഇസ്രയേലിനെതിരായ പോരാട്ടത്തിൽ രാഷ്ട്രീയ, സൈനിക തലങ്ങളിൽ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്ത്. ഇതിൽ വരുന്ന വീഴ്ചകൾ ‘ദൈവ കോപത്തിന്റെ’ ഗണത്തിൽപ്പെടുമെന്നാണു മുന്നറിയിപ്പ്. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയ ഇറാൻ സന്ദർശനത്തിനിടെ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനും–ഇസ്രയേലും തമ്മിൽ സംഘർഷത്തിന്റെ അന്തരീക്ഷമാണ്. ഇതിനിടയിലാണു പരമോന്നത നേതാവിന്റെ പ്രസ്താവന.
ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ വധവുമായി ബന്ധപ്പെട്ട് ഇസ്രയേലിന് തിരിച്ചടി നൽകുന്നതിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും സൈന്യവും തമ്മിൽ ഭിന്നതയെന്നു റിപ്പോർട്ട് പുറത്തുവന്നതിനിടയിലാണ് ആയത്തുല്ല അലി ഖമനയിയുടെ പ്രസ്താവന. ഹനിയയുടെ വധത്തിനു പിന്നിൽ ഇസ്രയേലാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. വധത്തിനു പ്രതികാരം ചെയ്യാൻ ഇറാൻ ഒരുങ്ങുന്നതായി യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേലിന് തിരിച്ചടി നൽകുന്നതിൽനിന്നും ഇറാനെ തടയാൻ വിദേശരാജ്യങ്ങൾ സമ്മർദം ചെലുത്തുമ്പോഴാണു ഖമനയിയുടെ പ്രസ്താവന. സൈനികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഏതൊരു പിന്മാറ്റവും കഠിനമായ ദൈവിക ശിക്ഷയെ ക്ഷണിച്ചു വരുത്തുമെന്നാണു ഖമനയി വ്യക്തമാക്കിയത്. ശക്തമായ സുരക്ഷയ്ക്കിടെ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത് ഇറാനെ പ്രതിരോധത്തിലാക്കിയിരുന്നു.