അധ്യാപകനും വിദ്യാർത്ഥികളും കോൺ​ഗ്രസ് എംഎൽഎമാരായി നിയമസഭയിലേക്ക്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച എംഎൽഎ റോണി കെ ബേബിയുടെ വിദ്യാർത്ഥികളാണ് പാലക്കാട് എംഎൽഎ രമേശ് പിഷാരടിയും വൈക്കം എംഎൽഎ ശ്രീ കെ ബിനിമോനും. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ വിദ്യാർത്ഥികൾക്കൊപ്പം കന്നി എംഎൽഎയായി നിയമസഭയിൽ എത്തുന്നതിനെ കുറിച്ച് റോണി കെ ബേബി വെളിപ്പെടുത്തിയത്.

തന്റെ അധ്യാപന ജീവിത കാലഘട്ടത്തിലെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥികളോടൊപ്പം ഒരേ പ്രസ്താനത്തിന്റെ ഭാ​ഗമായി നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലും വൈക്കം കൊതവറ സെൻ്റ് സേവ്യേഴ്സ് കോളേജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചയാളാണ് റോണി കെ ബേബി. ഈ കാലയളവിലാണ് രമേശ് പിഷാരടിയെയും ബിനിമോനെയും പഠിപ്പിച്ചിരുന്നതെന്നും കുറിപ്പിൽ പറയുന്നു. ഇരുവരെയും കുറിച്ചുള്ള ഓർമകൾ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അദ്ധ്യാപന ജീവിത കാലഘട്ടത്തിലെ എൻ്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിൻ്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. അദ്ധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു ഇന്നത്തെ പാലക്കാട് എം എൽ എ ശ്രീ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവ്വമായിരുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്ട്രതന്ത്ര ശാസ്ത്ര വിഷയിത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം എന്നെ അൽഭുതപ്പെടുത്തിയിരുന്നു. കലാകാരൻ്റെ ഉള്ളിലെ രാഷ്‌ട്രീയ ബോധത്തെ അന്നുതന്നെ  ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിൻ്റെ രാഷ്ട്രീയ വഴിയെ അതേ പ്രസ്ഥാനത്തിൻ്റെ ഭാഗമായി പ്രിയപ്പെട്ട ശിഷ്യനും നിയമസഭയിൽ എത്തുമ്പോൾ അഭിമാനം, സന്തോഷം. ശ്രീ രമേഷ് പിഷാരടിക്ക് എല്ലാ ആശംസകളും.

ഡി ബി കോളേജിലെ താൽക്കാലിക ജോലിക്കു ശേഷം എനിക്ക് നിയമനം ലഭിച്ചത് വൈക്കം കൊതവറ സെൻ്റ് സേവ്യേഴ്സ് കോളേജിലായിരുന്നു. അവിടെ എൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു ബി എ ഇക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റിലുണ്ടായിരുന്ന ഇന്നത്തെ വൈക്കം എം എൽ എ ശ്രീ കെ ബിനിമോൻ. ഇക്കണോമിക്സ് വിഷയത്തിൻ്റെ സബ്‌സിഡിയറിയായിരുന്നു ഞാൻ പഠിപ്പിച്ച പൊളിറ്റിക്കൽ സയൻസ്. 

കോളേജിലെ കെ. എസ്.യു നേതാവായിരുന്നു ബിനിമോൻ. മികച്ച സംഘാടകൻ, തികഞ്ഞ പോരാളി. എതിർപക്ഷത്തിൻ്റെ കോട്ടയിൽ നിന്നും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ചത് ഇന്നും ഞാൻ ഓർക്കുന്നു. അതേ അൽഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുന്നു.

അന്നൊരിക്കൽ കെ. എസ്.യു സമരകാലത്ത് സമരം നയിച്ച് ക്ലാസിൽ എത്തിയ ബിനിമോനെ ക്ലാസിൽ നിന്നും ഇറക്കിവിട്ടതിൻ്റെ പേരിൽ ഇന്നും ബിനിമോൻ എന്നോട് പരിഭവം പറയാറുണ്ട്. പ്രിയപ്പെട്ട വൈക്കം എം.എൽ.എക്ക് ആശംസകൾ– എന്നാണ് കുറിപ്പ്