മുംബൈ: മാർച്ചിൽ മെൽബണിലെ തന്റെ സംഗീത പരിപാടിയിൽ മൂന്ന് മണിക്കൂർ വൈകി എത്തിയതിന് ആരാധകരോട് ക്ഷമാപണം നടത്തി കരയുന്ന ഗായിക നേഹ കക്കറിന്‍റെ വീഡിയോ വൈറലായിരുന്നു. പിന്നീട് പരിപാടിയുടെ സംഘാടകർക്കെതിരെ ഗായിക രംഗത്ത് എത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും, എല്ലാ സാധ്യതകളും അവഗണിച്ച് താനും സംഘവും പരിപാടി അവതരിപ്പിക്കേണ്ടി വന്നെന്നും ഗായിക അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയൻ ഇവന്റ് പ്ലാനർമാരായ പേസ് ഡിയും ബിക്രം സിംഗ് രൺധാവയും ഇപ്പോൾ നേഹ കക്കറിന്‍റെ അവകാശവാദങ്ങൾ തെറ്റാണെന്ന് വെളിപ്പെടുത്തുകയാണ്.
സിദ്ധാർത്ഥ് കണ്ണനോട് സംസാരിച്ച റാപ്പറും ഇവന്റ് അവതാരകനുമായ പേസ് ഡി പറഞ്ഞത് ഇതാണ് “മെൽബണിൽ നിന്നുള്ള ബീറ്റ് പ്രൊഡക്ഷൻ ആണ് നേഹ കക്കറിനെ ക്ഷണിച്ചത്. ഇപ്പോൾ ഇരു കക്ഷികളും മുന്നോട്ടുവന്ന് തങ്ങളുടെ ഭാഗങ്ങള്‍ പറയുന്നുണ്ട്. അത് കൊണ്ട് ഞങ്ങള്‍ കണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്കും പറയണം. പരിപാടിയുടെ സംഘാടകനായ പ്രീത് പബ്ല ഭായിയോട് ഞാൻ സംസാരിച്ചു. അദ്ദേഹത്തോട് ഞാന്‍ കാര്യങ്ങള്‍ എല്ലാം ചോദിച്ച് മനസിലാക്കി. വളരെ നല്ല വ്യക്തിയാണ് അദ്ദേഹം. അപ്പോഴാണ് നേഹ കൃത്യസമയത്ത് പരിപാടിക്ക് വൈകിയാണ് എത്തിയത് എന്ന് ഞാൻ മനസ്സിലാക്കിയത്. ‘ഞാൻ ഇപ്പോള്‍ സ്റ്റേജില്‍ കയറില്ല’ എന്ന് അടക്കം അവര്‍ വാശിപിടിച്ചിരുന്നു എന്നും അവര്‍ വ്യക്തമാക്കി”
ഈ വാദത്തെ പിന്തുണച്ചുകൊണ്ട് ബിക്രം സിംഗ് രന്ധാവയും ചില കാര്യങ്ങള്‍ കൂട്ടിച്ചേർത്തു, “ജനക്കൂട്ടം അവർ വേദിയിൽ വരുമെന്ന് പ്രതീക്ഷിച്ച് നില്‍ക്കുകയായിരുന്നു. പക്ഷേ അവർ രാത്രി 10 മണിക്ക് എത്തി – നിശ്ചയിച്ച സമയം 7:30 ആയിരുന്നതിനാൽ രണ്ടര മണിക്കൂർ വൈകി. അതിനാൽ ജനക്കൂട്ടം അസ്വസ്ഥരും ദേഷ്യത്തിലുമായിരുന്നു. ഓസ്‌ട്രേലിയയിൽ, ആളുകൾ അവരുടെ സമയത്തെ വിലമതിക്കുന്നു. ആളുകൾ കുടുംബത്തോടൊപ്പം വരാൻ പ്രത്യേക ശ്രമം നടത്തിയിരുന്നു. ചിലർ 300 ഓസ്‌ട്രേലിയൻ ഡോളറിന്റെ ടിക്കറ്റുകൾ പോലും വാങ്ങി – അതായത് ഏകദേശം 15,000 മുതൽ 16,000 രൂപ വരെ.”



