തൃശൂര്‍ ആസ്ഥാനമായ സ്വര്‍ണ വായ്പ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ കമ്പനിയായ ബെയിന്‍ ക്യാപിറ്റലിന്റെ നീക്കം അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമോട്ടര്‍മാരുടെ ഓഹരികളും പ്രിഫറന്‍ഷ്യല്‍ ഇഷ്യുവും കൂടാതെ നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരി സ്വന്തമാക്കുന്നതും വഴി മൊത്തം 46 ശതമാനത്തോളം ഓഹരികളാണ് ബെയ്ന്‍ ക്യാപിറ്റല്‍ സ്വന്തമാക്കുക എന്നാണ് ഇക്കണോമിക് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഏറ്റെടുക്കല്‍ വാര്‍ത്ത സ്ഥിരീകരിക്കുന്നതിനായി ധനം ഓണ്‍ലൈന്‍ മണപ്പുറം ഗ്രൂപ്പുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.

ഓഹരിയുടെ വെള്ളിയാഴ്ചത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് 12.5 -15 ശതമാനം പ്രീമിയത്തിലാകും പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് നടത്തുക എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 22.5-25 ശതമാനം ഉയര്‍ന്ന വിലയിലായിരിക്കും നിലവിലെ ഓഹരി ഉടമകളില്‍ നിന്ന് ഓഹരികള്‍ സ്വന്തമാക്കുക. വെള്ളിയാഴ്ച 200.85 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അത് പ്രകാരം കമ്പനിയുടെ വിപണി മൂല്യം 17,000 കോടി രൂപയാണ്. 

₹10,000 കോടിയുടെ ഇടപാട്

മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി നന്ദകുമാറിന് 35.25 ശതമാനം ഓഹരികളാണ് സ്ഥാപനത്തില്‍ ഉള്ളത്. ആദ്യഘട്ടത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ 26 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമ്പോള്‍ ഓപ്പണ്‍ ഓഫര്‍ വഴി കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള അവസരം ബെയിന്‍ ക്യാപിറ്റലിന് ലഭിക്കും. ഇതുവഴി മൊത്തം 46 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ബെയിന്‍ ക്യാപിറ്റലിന് പദ്ധതിയുണ്ട്. ശരാശരി 237-240 രൂപയ്ക്കാകും ഓഹരി വില്‍പ്പന. അതനുസരിച്ച് 9,000-10,000 കോടി രൂപയുടേതാകും ഇടപാട്.

പുതിയ സി.ഇ.ഒ

തുടക്കത്തില്‍ മണുപ്പറം ഫിനാന്‍സും ബെയിന്‍ ക്യാപിറ്റലും സംയുക്തമായിട്ടായിരിക്കും കമ്പനിയുടെ മേല്‍നോട്ടം നിര്‍വഹിക്കുക. എന്നാല്‍ കമ്പനിയില്‍ പുതിയ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറെ നിയമിക്കാന്‍ ബെയിന്‍ ക്യാപിറ്റലിന് പദ്ധതിയുണ്ട്. വി.പി നന്ദകുമാറും കുടുംബാംഗങ്ങളും നോണ്‍ എക്‌സിക്യൂട്ടീവ് റോളുകളിലേക്ക് മാറും. അതായത് കമ്പനിയുടെ ദൈനംദിന കാര്യങ്ങളില്‍ നിലവിലെ ഉടമസ്ഥര്‍ക്ക് കാര്യമായ പങ്കാളിത്തം ഉണ്ടാകില്ല.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍

കഴിഞ്ഞ നവംബര്‍ മുതല്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ വായപ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വരുന്നുണ്ട്.

വിവിധ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെയും ധനകാര്യ കമ്പനികളായ ഐ.ഡി.എഫ്.സി, പൂനാവാല, ഫിനാന്‍സ്, കാര്‍ലില്‍ എന്നിവയുടെ പേരുകളും ഉയര്‍ന്നെങ്കിലും ഇവയൊന്നും യാഥാര്‍ത്ഥ്യത്തിലേക്കെത്തിരിയിരുന്നില്ല. ഇതുകൂടാതെ റിലയന്‍സിനു കീഴിലുള്ള ജിയോ ഫിനാന്‍സിന് മണപ്പുറം ഫിനാന്‍സില്‍ താത്പര്യമുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഓഹരിയുടെ മുന്നേറ്റവും വീഴ്ചയും

ഏറ്റെടുക്കല്‍ പ്രതീക്ഷയും സ്വര്‍ണ വിലയിലെ മുന്നേറ്റവും കഴിഞ്ഞ മൂന്ന് മാസത്തിനിടെ മണപ്പുറം ഫിനാന്‍സ് ഓഹരി വില 36.67 ശതമാനത്തോളം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഉപകമ്പനിയായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പുതു വായ്പകള്‍ നല്‍കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്ക് വിലക്കിയത് കഴിഞ്ഞ 52 ആഴ്ചയ്ക്കുള്ളില്‍ ഓഹരി വില 37.5 ശതമാനം ഇടിയാന്‍ ഇടയാക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് ആശിര്‍വാദ് ഫിനാന്‍സിന് ഏര്‍പ്പെടുത്തിയ വിലക്ക് റിസര്‍വ് ബാങ്ക് പിന്‍ വലിച്ചിരുന്നു. ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ പുറത്തു വന്നതോടെ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇന്ന് മുന്നേറ്റത്തിലാണ്. രാവിലെ നാല് ശതമാനത്തോളം ഓഹരി വില 209 രൂപ വരെയെത്തി.

എ.യു.എം ₹50,000 കോടിയിലേക്ക്‌

ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് മൊത്തം 44,217 കോടി രൂപയുടെ ആസ്തിയാണ് മണപ്പുറം ഫിനാന്‍സ് കൈകാര്യം ചെയ്യുന്നത്. ഡിസംബര്‍ പാദത്തില്‍ 453 കോടി രൂപയുടെ ലാഭവും 2,559.72 കോടി രൂപയുടെ വരുമാനവും കമ്പനി രേഖപ്പെടുത്തി. മണപ്പുറത്തിന്റെ സ്വര്‍ണ ബിസിനസ് 18.8 ശതമാനം ഉയര്‍ന്ന് 24,504 കോടി രൂപയായി. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ 55.4 ശതമാനമാണ് സ്വര്‍ണ വായ്പകളുടെ സംഭാവന. ഏറ്റടെുക്കല്‍ യാഥാര്‍ത്ഥമായാല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഒരു കമ്പനിയെ കൂടിയാണ് കേരളത്തിന് നഷ്ടമാകുക.