പെരിന്തൽമണ്ണ: എല്ലാം കിറുകൃത്യമായി െപ്രാഫഷണൽ രീതിയിൽ നടന്നെങ്കിലും പെരിന്തൽമണ്ണ കവർച്ചാസംഘത്തിന് പദ്ധതി പാളിയത് കാറിലും സ്വർണം മാറ്റിയശേഷം നടന്ന അലസമായ മദ്യപാനത്തിലും. കവർച്ച നടത്തിയശേഷം ചെർപ്പുളശ്ശേരിയിൽ എത്തിയ സംഘം രണ്ടായി പിരിയുകയായിരുന്നു. സ്വർണം സുരക്ഷിതമായി കാറിൽ കൊണ്ടുപോതോടെ മറ്റൊരു കാറിൽ തൃശ്ശൂരിലേക്ക് നീങ്ങിയ സംഘം ഇനി ഭയപ്പെടാനില്ലെന്ന നിരീക്ഷണത്തിൽ മദ്യപാനത്തിലേക്ക് തിരിയുകയായിരുന്നു. കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റിയതും ആത്മവിശ്വാസമായി. പക്ഷേ വെളുത്ത കാർ ഒന്നുപോലും വിടാതെ പോലീസ് പരിശോധിക്കുന്നുണ്ടായിരുന്നു.
മദ്യലഹരിയിൽ ഇവർ പോലീസിന് മുന്നിൽ അകപ്പെടുകയായിരുന്നു. 21-ന് ഉച്ചയോടെ അജിത്ത്, നിജിൽ രാജ്, പ്രഭിൻ ലാൽ, മനു, സലീഷ്, ഫർഹാൻ, സജിത്ത്, നിഖിൽ, വൈശാഖ് എന്നിവർ വെള്ളനിറത്തിലുള്ള കാറിൽ തൃശ്ശൂരിൽനിന്ന് പുറപ്പെട്ട് വൈകീട്ട് ഏഴു മണിയോടെയാണ് പെരിന്തൽമണ്ണയിൽ എത്തിയത്. ജങ്ഷന് സമീപം കോടതിയിൽപ്പോകുന്ന വഴിയിൽ ഇവർ വാഹനം ഒതുക്കി കാത്തുനിന്നു. 8.30-ന് ജൂവലറി അടച്ച് രണ്ടു ബാഗുകളിൽ സ്വർണ്ണവുമായി സ്കൂട്ടറിൽ വീട്ടിലേക്കുപോകുകയായിരുന്ന ഷാനവാസ്, യൂസഫ് എന്നിവരെ അവരുടെ വീടിനുസമീപം വെച്ച് ഇടിച്ചുവീഴ്ത്തി ദേഹോപദ്രവം ഏൽപ്പിച്ചശേഷം സ്വർണ്ണമടങ്ങിയ രണ്ടു ബാഗുകളും കവർച്ചചെയ്ത് പെരിന്തൽമണ്ണയിൽനിന്ന് ചെർപ്പുളശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു.
കാറിൽ രക്ഷപ്പെട്ട ഒൻപതുപേരും ചെർപ്പുളശ്ശേരിക്കടുത്ത് ഒരു സ്ഥലത്തെത്തി നിർത്തി. അജിത്, സലീഷ്, മനു, ഫർഹാൻ എന്നിവർ സ്വർണ്ണം അടങ്ങിയ ബാഗുകളുമായി വാഹനം മാറി. രണ്ടാമത്തെ കാറിലുള്ള അഞ്ച് പേരോടും അമല നഗറിലുള്ള റൂമിലേക്ക് പോകാനും നിർദ്ദേശിച്ചു. തുടർന്ന് അർജുൻ ഓടിച്ചുവന്ന കാറിൽ സ്വർണവുമായി ആദ്യസംഘം പോയി. തൃശ്ശൂർ ഭാഗത്തേക്ക് വന്ന കാറിലുണ്ടായിരുന്ന നിജിൽ രാജ്, പ്രബിൻ ലാൽ, സജിത്ത്, നിഖിൽ എന്നിവരെ സംശയത്തെതുടർന്ന് വാഹന പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന വൈശാഖ് രക്ഷപ്പെട്ടു.
സ്വർണ്ണവുമായി രക്ഷപ്പെട്ട അജിത്ത്, സലീഷ്, ഫർഹാൻ, മനു എന്നിവർ സലീഷിന്റെ ബന്ധുകൂടിയായ അപ്പു എന്ന് വിളിക്കുന്ന മിഥുൻ എന്നയാളുടെ ജൂബിലി മിഷനു സമീപമുള്ള വീട്ടിലേക്കു നേരത്തേ നിശ്ചയിച്ചപ്രകാരം എത്തി. മിഥുനും, സലീഷും സ്വർണ്ണം ഉരുക്കി ബാറുകളാക്കുന്നതിനും വില്പന നടത്തുന്നതിനും ഇരുവരുടെയും സുഹൃത്തായ തൃശ്ശൂർ പട്ടിക്കാടിനടുത്ത് വീടുള്ള സതീഷിനെ കണ്ടു.
ഇതിൽ 500 ഗ്രാം വരുന്ന ഒരുബാർ സ്വർണമാണ് 35 ലക്ഷം രൂപയ്ക്ക് വിറ്റത്. മറ്റൊരു കേസിൽ ജാമ്യം ലഭിച്ച സലീഷ് ജാമ്യപേപ്പർ പീച്ചി പോലീസ്സ്റ്റേഷനിൽ ഏല്പിക്കാൻ എത്തിയപ്പോൾ സംശയംതോന്നിയ പീച്ചി പോലീസ് പെരിന്തൽമണ്ണ പോലീസിനെ അറിയിക്കുകയായിരുന്നു. പീച്ചിയിലെത്തിയ പെരിന്തൽമണ്ണ പോലീസ് സലീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് സ്വർണത്തിന്റെ വിവരങ്ങൾ ലഭിച്ചത്.
ആദ്യം പിടിയിലായവർക്ക് പോലും സ്വർണവുമായി ബന്ധപ്പെട്ട ആസൂത്രണങ്ങൾ അറിയില്ലായിരുന്നു. ജാമ്യപേപ്പറുമായി പോലീസ്സ്റ്റേഷനിലെത്തിയ സലീഷിനെ പിടിച്ചതാണ് സ്വർണത്തിലേക്ക് വഴിതുറന്നത്.



