ബ്രിട്ടീഷ് പ്രതിരോധ ബജറ്റില്‍ വലിയ വര്‍ദ്ധനവ് പ്രഖ്യാപിച്ചതിന് ശേഷം യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ന്  വാഷിംഗ്ടണിലെത്തും. യുദ്ധം അവസാനിപ്പിക്കാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുമ്പോള്‍ ഉക്രെയ്നിനുള്ള പിന്തുണ നിലനിര്‍ത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നിലനില്‍ക്കുന്ന ട്രാന്‍സ്-അറ്റ്‌ലാന്റിക് പ്രത്യേക ബന്ധത്തെക്കുറിച്ച് സ്റ്റാര്‍മര്‍ പരാമര്‍ശിച്ചിരുന്നു.  അധികാരമേറ്റ ആദ്യ ആഴ്ചകളില്‍ ട്രംപ് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന യുഎസ് വിദേശനയം അട്ടിമറിച്ചു എന്നാണ് പറയുന്നത്. മാത്രമല്ല ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപ് ഭരണകൂടം മോസ്‌കോയുമായി നേരിട്ട് ഇടപെട്ടതിന് ശേഷം പ്രതികരിക്കാന്‍ ഉക്രെയ്നും അതിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

ചര്‍ച്ചകളില്‍ കീവിന് ഒരു ശബ്ദം ലഭിക്കുമെന്ന് ഉറപ്പാക്കാനും, ആക്രമണാത്മക റഷ്യയെ നേരിടുന്നതില്‍ യുഎസ് ഇപ്പോഴും യൂറോപ്പിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് സ്റ്റാര്‍മറിന്റെ വൈറ്റ് ഹൗസ് സന്ദര്‍ശനം. അത് യൂറോപ്യന്‍ ശ്രമങ്ങളുടെ ഭാഗമാണ്. ഈ ആഴ്ച ആദ്യം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം യു.കെയില്‍ ഞായറാഴ്ച ഉക്രെയ്നിനെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര നേതാക്കളുടെ ഒരു യോഗം താന്‍ നടത്തുമെന്ന് സ്റ്റാര്‍മര്‍ സ്ഥിരീകരിച്ചു. ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. ട്രംപ് അമേരിക്കന്‍ വിദേശനയം പരിഷ്‌ക്കരിക്കുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. നാറ്റോയുടെ മൂല്യത്തെ ട്രംപ് വളരെക്കാലമായി ചോദ്യം ചെയ്യുകയും അവരുടെ ചെലവ് താങ്ങാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് യുഎസ് സുരക്ഷ നല്‍കുന്നുണ്ടെന്ന് പരാതിപ്പെടുകയും ചെയ്തു.

ട്രംപ് നാറ്റോ സഖ്യത്തോട് പ്രതിജ്ഞാബദ്ധനാണെന്ന് തനിക്ക് ഉറപ്പുണ്ട്. ഉക്രെയ്നില്‍ ഒരേയൊരു ആക്രമണകാരി മാത്രമേയുള്ളൂ. അത് റഷ്യയാണെന്ന് സമ്മതിക്കുന്നുവെന്നും സ്റ്റാര്‍മര്‍ തന്റെ വിമാനത്തില്‍വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2027 ആകുമ്പോഴേക്കും യു.കെ സര്‍ക്കാര്‍ സൈനിക ചെലവ് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.5% ആയി ഉയര്‍ത്തുമെന്നും പ്രതീക്ഷിച്ചതിലും വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2035 ആകുമ്പോഴേക്കും 3% എത്താന്‍ ലക്ഷ്യമിടുന്നതായും സ്റ്റാര്‍മര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ശീതയുദ്ധം അവസാനിച്ചതിനുശേഷം പ്രതിരോധ ചെലവിലെ ഏറ്റവും വലിയ തുടര്‍ച്ചയായ വര്‍ദ്ധനവ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.