ഡിഎംകെ നേതാവും എം കെ സ്റ്റാലിന്റെ മകനും പിന്‍ഗാമിയുമായി കരുതുന്ന ഉദയനിധി മാരന് ഒരു ഭയമുണ്ട്, വിജയ് മറ്റൊരു എംജിആര്‍ ആകുമോ എന്ന്. എംജിആര്‍ ജീവിച്ചിരുന്ന കാലത്തോളം ഡിഎംകെയ്ക്ക് തമിഴ്‌നാട്ടില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞിരുന്നുമില്ല. വിജയ് അത് ആവര്‍ത്തിച്ചാല്‍ ഡിഎംകെയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും എന്നാണ് ഉദയനിധി ഭയക്കുന്നത്.

ഇതൊക്കെയാണ് തമിഴ്‌നാട്ടില്‍ ടിവികെ അധികാരത്തിലെത്തുന്നത് തടയാന്‍ ഡിഎംകെയും എഐഎഡിഎംകെയും സഖ്യചര്‍ച്ചകള്‍ തുടങ്ങാന്‍ കാരണമായതെന്നാണ് റിപ്പോർട്ട്. അതിജീവനത്തിന്റെ ഭാഗമായി ഡിഎംകെയുമായി ചര്‍ച്ച നടത്താന്‍ എഐഎഡിഎംകെയും സന്നദ്ധരായിട്ടുണ്ട്. ജയലളിതയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ അണ്ണാ ഡിഎംകെയ്ക്ക് അധികാരം സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ അര നൂറ്റാണ്ടായി ചിന്തിക്കാന്‍ പോലും കഴിയാത്ത സഖ്യം യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്.

ഡിഎംകെയുടെ പിന്തുണയോടെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. എംഎല്‍എമാരുമായുള്ള ചര്‍ച്ചയുടെ ഭാഗമായി പളനിസ്വാമി ഇപ്പോള്‍ പുതുച്ചേരിയിലാണുള്ളത്. ടിവികെ ഭരിക്കട്ടെ എന്ന് സ്റ്റാലിന്‍ പറഞ്ഞെങ്കിലും രണ്ടാം നിര നേതാക്കന്‍മാരുടെ സമ്മര്‍ദമാണ് പുതിയ സഖ്യ സാധ്യതകള്‍ ആരായാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ബിജെപിക്കാകട്ടെ ടിവികെയുടെ ഭാഗമാകാന്‍ പോയ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് താല്‍പ്പര്യമാണ്. ഒപ്പം ഇന്ത്യ സഖ്യത്തില്‍ വിള്ളവും അവര്‍ സ്വപ്‌നം കാണുന്നു. കോണ്‍ഗ്രസ് ഒഴികെയുള്ള ചെറുകക്ഷികള്‍ പിന്തുണച്ചാല്‍ ദ്രാവിഡ പാര്‍ട്ടികളുടെ സഖ്യത്തിന് ഭൂരിപക്ഷമാകും.

തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ മുന്‍കരുതലിന്റെ ഭാഗമായി എഐഎഡിഎംകെ എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, ഡിഎംകെ-എഐഎഡിഎംകെ സഖ്യസര്‍ക്കാരുണ്ടായാല്‍ ടിവികെയുടെ 108 എംഎല്‍എമാരെയും രാജിവയ്പ്പിക്കാനാണ് വിജയ്യുടെ തീരുമാനം. എം.കെ.സ്റ്റാലിനോ പളനിസ്വാമിയോ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചാല്‍ എല്ലാവരും രാജിവയ്ക്കുമെന്ന് വിജയ് മുന്നറിയിപ്പു നല്‍കി.