പ്രമുഖ വ്യവസായിയും നടി കരിഷ്മ കപൂറിന്റെ (Karisma Kapoor) അന്തരിച്ച മുൻഭർത്താവുമായ സഞ്ജയ് കപൂറിന്റെ (Sunjay Kapur) 30,000 കോടി രൂപയുടെ ആസ്തിയിന്മേലുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങുന്നില്ല. അദ്ദേഹത്തിന്റെ നിലവിലെ ഭാര്യയും അമ്മയും കരിഷ്മയും മക്കളും അടങ്ങുന്ന ഒരു വലിയ കുടുംബം സ്വത്തുക്കളുടെ അവകാശത്തർക്കത്തിൽ ഭാഗമാണ്. ഒരു ദിവസം പുലർച്ചെ പോളോ കളിച്ചു നിൽക്കുകയായിരുന്ന സഞ്ജയ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വായുടെ ഉള്ളിലൂടെ ഒരു വണ്ട് കടന്നതാണ് ബോധക്ഷയത്തിനും തുടർന്നുണ്ടായ മരണത്തിനും കാരണം എന്നാണ് കണ്ടെത്തൽ

2003ൽ വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു നടി കരിഷ്മ കപൂറിന്റെയും സഞ്ജയ് കപൂറിന്റെയും. ഇവർക്ക് ഒരു മകളും മകനും പിറന്നു. ഏറെക്കാലം അകന്നു ജീവിച്ച ശേഷം 2016ൽ കരിഷ്മ കപൂറും സഞ്ജയ് കപൂറും നിയമപരമായി വേർപിരിഞ്ഞു. രണ്ടു കുട്ടികളുടെയും സംരക്ഷണം കരീഷ്മ കപൂറിന്റെ ചുമതലയായി. രണ്ടു മക്കളുടെയും പേരിൽ 14 കോടി രൂപയുടെ ബോണ്ടുകൾ സഞ്ജയ് കപൂർ വാങ്ങിയിരുന്നു. ഇത് കുട്ടികളുടെ സാമ്പത്തിക സുരക്ഷ മുൻനിർത്തിക്കൊണ്ടുള്ളതായിരുന്നു. മുംബൈയിലെ ഒരു വസതിയും കരിഷ്മയ്ക്ക് നൽകി.

സഞ്ജയ് കപൂറിന്റെ പതിനായിരക്കണക്കിന് കോടികളുടെ സ്വത്തുക്കൾ ഇപ്പോൾ ഭാര്യ പ്രിയ കപൂർ, അമ്മ റാണി കപൂർ, കരിഷ്മയും മക്കളും എന്നിവർ ഉൾപ്പെടുന്ന കുടുംബത്തിന്റെ തർക്കവിഷയമാണ്. 2025 ജൂൺ മാസത്തിൽ സഞ്ജയ്‌യുടെ മരണത്തിനു പിന്നാലെ, സ്വത്തുക്കൾ മുഴുവനും ഹൈക്കോടതി മരവിപ്പിച്ചിരുന്നു. തിരുത്തി എന്നാരോപിക്കപ്പെടുന്ന വില്പത്രത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് കുടുംബാംഗങ്ങൾ തർക്കത്തിൽ ഏർപ്പെട്ടത്. കുടുംബത്തിന്റെ പേരിലെ ട്രസ്റ്റും പിരിച്ചുവിടണം എന്ന് സഞ്ജയ്‌യുടെ അമ്മ റാണി ആവശ്യപ്പെട്ടിട്ടുണ്ട്

തന്റെ ആരോഗ്യപ്രശ്നങ്ങൾ മുതലെടുത്ത് മരുമകൾ പ്രിയ കപൂർ കോർപ്പറേറ്റ് കാര്യങ്ങളുടെ ചുമതല തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നാണ് റാണിയുടെ പക്ഷം. വിഷയം ഇപ്പോൾ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂടിന്റെ മധ്യസ്ഥതയിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടന്നുവരികയാണ്. ഇതിനിടെയാണ് കരിഷ്മയുടെ കുട്ടികളുടെ സ്‌കൂൾ ഫീസ് അടയ്ക്കാൻ പോലും പണമില്ല എന്ന തരത്തിൽ സഞ്ജയ് കപൂറിന്റെ പ്രോവിഡന്റ് ഫണ്ടിലെ തുക വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു കൊണ്ട് പ്രിയ കപൂർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂൾ ഫീസും മറ്റു പഠന ചിലവുകളും വഹിക്കാനുള്ള തുകയാണിത് എന്നാണ് അവരുടെ വാദം

കരിഷ്മയുടെ മക്കളായ സമൈറ, കിയാൻ എന്നിവരുടെ പഠനാവശ്യത്തിനു വേണ്ടി മാത്രമേ ഈ തുക ചിലവഴിക്കൂ എന്നും പ്രിയ വ്യക്തമാക്കി. ഇക്കഴിഞ്ഞ 26നാണ് കോടതി ഈ അപേക്ഷ കേട്ടത്. ഏപ്രിൽ 30ന് സഞ്ജയ് കപൂറിന്റെ വിശാലമായ എസ്റ്റേറ്റ് മരവിപ്പിച്ച ഇടക്കാല ഉത്തരവിൽ വ്യക്തതയും, ഭാഗികമായ ഭേദഗതിയും ആവശ്യപ്പെട്ടുള്ളതാണ് ഹർജി. സങ്കീർണ്ണമായ കുടുംബ, നിയമ തർക്കങ്ങൾക്കിടയിലും കുട്ടികളുടെ പഠന ആവശ്യങ്ങൾക്കുള്ള അവശ്യ സാമ്പത്തിക സഹായം തടസ്സമില്ലാതെ തുടരാനാകുമെന്ന് ഉറപ്പാക്കാനാണ് പ്രിയ കോടതിയെ സമീപിച്ചത്

പ്രിയ, സഞ്ജയ് ദമ്പതികൾക്ക് ഒരു മകനുണ്ട്. 2017 ഏപ്രിൽ 13നായിരുന്നു ഇവരുടെ വിവാഹം. ന്യൂ ഡൽഹിയിൽ വച്ചുള്ള കോർട്ട് വിവാഹമായിരുന്നു ഇവരുടേത്. ശേഷം ന്യൂയോർക്ക് നഗരത്തിലെ വമ്പൻ വിവാഹസത്ക്കാരവും നടന്നു. പ്രിയയ്ക്കും ആദ്യവിവാഹബന്ധത്തിൽ പിറന്ന ഒരു മകളുണ്ട്. അവരെ വിവാഹം ചെയ്തതിൽ പിന്നെ പ്രിയയുടെ മകളെ സഞ്ജയ് നിയമപരമായി ദത്തെടുത്തു. മോഡലും സംരംഭകയുമാണ് പ്രിയ സച്‌ദേവ് എന്ന പ്രിയ കപൂർ